കോഴിക്കോട്
കോഴിക്കോട് എൻഐടിയും ആർഎസ്എസിന്റെ അധീനതയിലുള്ള ചാലപ്പുറം കേസരി ഭവനിലെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനുമായി (മാഗ്കോം) സഹകരിച്ച് പ്രവർത്തിക്കാൻ ധാരണപത്രം. വെള്ളി രാവിലെ പത്തരയ്ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പിടും. രാജ്യത്തിന് മാതൃകയായ ശാസ്ത്ര സാങ്കേതിക ഗവേഷണ പഠന കേന്ദ്രമായ കോഴിക്കോട് എൻഐടിയെ കാവിവൽക്കരിക്കാനുള്ള പരസ്യ നീക്കമാണിത്.
ആർഎസ്എസുമായും സംഘപരിവാരവുമായും അടുത്ത ബന്ധം പുലർത്തുന്ന ഡയറക്ടറാണ് ഇതിന് ചരടുവലിക്കുന്നത്. ധാരണപത്രം ഒപ്പുവയ്ക്കുന്നതോടെ ടെക്നിക്കൽ റൈറ്റിങ്, കണ്ടന്റ് റൈറ്റിങ്, മീഡിയ ടെക്നോളജി, ഇന്റർ നാഷണൽ സ്റ്റഡീസ് തുടങ്ങിയ മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും. കോഴ്സുകൾക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ ഇവിടുത്തെ അധ്യാപകർക്കൊപ്പം മാഗ്കോം നിശ്ചയിക്കുന്നവരായിരിക്കും ക്ലാസ് നയിക്കുക. സംഘപരിവാരത്തിനുവേണ്ടിയുള്ള മാധ്യമപ്രവർത്തകരെ സൃഷ്ടിക്കുകയെന്ന ദീർഘകാലലക്ഷ്യമാണ് സഹകരണത്തിന് പിന്നിൽ. ധാരണപത്രം ഒപ്പുവയ്ക്കുന്നത് മാധ്യമമേഖലയിലും എൻജിനിയറിങ് മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് അവകാശവാദം. എൻഐടി ഡയറക്ടർ -പ്രൊഫ. പ്രസാദ് കൃഷ്ണ കേസരി ഭവനിൽ നടന്ന മാഗ്കോം ഉദ്ഘാടന ചടങ്ങിൽ മുഖ്യസാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം എബിവിപി എൻഐടി ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിലും ഇദ്ദേഹം പങ്കെടുത്തു.