കൊച്ചി
മലയാളത്തിന്റെ പ്രിയനടിയും അവതാരകയുമായിരുന്ന സുബി സുരേഷിന് കലാകേരളം കണ്ണീരോടെ വിട നൽകി. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് നാലോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് ഇവിടെയെത്തിയത്. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹം രാവിലെ എട്ടോടെയാണ് തിരുമുപ്പത്തെ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടുമണിക്കൂർ പൊതുദർശനത്തിനുശേഷം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനുവച്ചു. നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു. ചേരാനല്ലൂർ ശ്മശാനത്തിലേക്ക് എടുക്കുമ്പോൾ ഏറെപ്പേർ അകമ്പടിയായി.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, എസ് ശർമ, കെ വി തോമസ്, പി രാജു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവരും ചലച്ചിത്ര നിർമാതാക്കളായ ജി സുരേഷ്കുമാർ, എം രഞ്ജിത്, സിനിമ–-ടെലിവിഷൻ കലാകാരന്മാരായ ഹരിശ്രീ അശോകൻ, പട്ടണം റഷീദ്, കുളപ്പുള്ളി ലീല, ബീന ആന്റണി, റിമി ടോമി, രഞ്ജിനി ഹരിദാസ്, രമേഷ് പിഷാരടി, കെ എസ് പ്രസാദ്, സാജു കൊടിയൻ, സാജൻ പള്ളുരുത്തി, കോട്ടയം നസീർ, ഹരിശ്രീ മാർട്ടിൻ, ബിജുക്കുട്ടൻ, ധർമജൻ ബോൾഗാട്ടി, കലാഭവൻ പ്രശോഭ്, നിയാസ് അബൂബക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
തൃപ്പൂണിത്തുറയിൽ ജനിച്ചുവളർന്ന സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണ് താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധൻ രാവിലെ പത്തോടെയായിരുന്നു അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു.കരൾമാറ്റിവയ്ക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.