വടക്കഞ്ചേരി
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മലയാളി വിലാസം നൽകുകയാണ് വിവേക് രാമസ്വാമി. പാലക്കാട് വടക്കഞ്ചേരി ഗ്രാമത്തിൽ വി ജി രാമസ്വാമിയുടെ മകൻ വിവേക് രാമസ്വാമി(37) റിപ്പബ്ലിക്കൻ പാർടിയുടെ സ്ഥാനാർഥിയാകാൻ മത്സരരംഗത്തിറങ്ങി.
അമേരിക്കയിൽ ജനറൽ ഇലക്ട്രിക്കൽ കമ്പനിയിൽ എയർക്രാഫ്റ്റ് ഡിസൈനറാണ് വി ജി രാമസ്വാമി. തൃപ്പൂണിത്തറ സ്വദേശി ഡോ. ഗീതയാണ് വിവേകിന്റെ അമ്മ. കുടുംബം അമേരിക്കയിൽ സ്ഥിരതാമസക്കാർ. രാമസ്വാമി എല്ലാവർഷവും വടക്കഞ്ചേരിയിലെ തറവാട്ടിൽ വരാറുണ്ട്. ഒടുവിൽ കഴിഞ്ഞയാഴ്ചയാണ് വന്നത്. വിവേക് 2018-ലാണ് അവസാനമായി കേരളത്തിലെത്തിയത്.
സ്ട്രൈസ് അസെറ്റ് മാനേജ്മെന്റ്, ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനി റോയിവന്റ് എന്നിവയുടെ സ്ഥാപകനാണ് വിവേക്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച നിരവധി മരുന്നുകൾ ബയോ ഫാർമസ്യൂട്ടിക്കൽ വികസിപ്പിച്ചിട്ടുണ്ട്. ഫോർബ്സ സമ്പന്ന പട്ടികയിൽ ഇടംപിടിച്ചയാളാണ് വിവേക്. വിവേകിന്റെ കമ്പനിക്ക് 50 കോടി ഡോളർ (ഏകദേശം 4145 കോടി രൂപയുടെ) ആസ്തിയുണ്ട്.
ലോ സ്കൂളിലും ഹാർവാർഡ് സർവകലാശാലയിലുമാണ് വിവേക് പഠിച്ചത്. പഠനകാലത്തുതന്നെ സാമൂഹിക പ്രവർത്തനത്തിലും വ്യാപൃതനായിരുന്നു. വോക്ക് ഇൻ കോർപറേറ്റ്, നേഷൻ ഓഫ് വിക്ടിംസ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഉത്തർപ്രദേശുകാരി ഡോ. അപൂർവ തിവാരിയാണ് ഭാര്യ. മൂന്ന് വയസ്സുള്ള കാർത്തിക്, ഒന്നര വയസ്സുള്ള അർജുൻ എന്നിവരാണ് മക്കൾ. സഹോദരൻ ശങ്കർ രാമസ്വാമി അമേരിക്കയിൽ ഡോക്ടറാണ്. അടുത്തവർഷം നവംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വിവേകിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ ആഹ്ലാദത്തിലാണ് വടക്കഞ്ചേരിയിലുള്ള ബന്ധുക്കൾ. വിവേകിന്റെ അച്ഛന്റെ സഹോദരി ഉൾപ്പെടെ നിരവധി ബന്ധുക്കൾ ഇവിടെയുണ്ട്.