കൽപ്പറ്റ
വിപ്ലവം തുടിക്കുന്ന കണ്ണൂരിന്റെ ഹൃദയാഭിവാദ്യം ഏറ്റുവാങ്ങി വയനാട്ടിലെ ജനതയെ നെഞ്ചോട് ചേർത്ത് സിപിഐ എം ജനകീയ പ്രതിരോധ ജാഥയുടെ നാലാംദിവസത്തെ പര്യടനം. ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും കുത്സിതശ്രമങ്ങളെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച് പതിനായിരങ്ങൾ ജാഥയിൽ അണിനിരന്നു. ബിജെപി ഉയർത്തുന്ന വർഗീയ രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ലെന്ന് പ്രഖ്യാപിച്ച് ജാതി, മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനം ജാഥയുടെ ഭാഗമായി. ബൈക്ക് റാലികളുടെയും ചെണ്ട, ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് എല്ലാ സ്വീകരണകേന്ദ്രങ്ങളിലും പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയെ വരവേറ്റത്.
കത്തുന്ന വെയിലിനെയും വകവയ്ക്കാതെ വയോജനങ്ങളും കൈക്കുഞ്ഞുങ്ങളെയുമെടുത്ത് സ്ത്രീകളും ഓരോ സ്വീകരണ കേന്ദ്രത്തിലും അണിചേർന്നു. കമ്യൂണിസ്റ്റ് പാർടി പിറന്ന പിണറായിയിൽനിന്നാണ് വ്യാഴാഴ്ച പ്രയാണം ആരംഭിച്ചത്. വൻ ജനപ്രവാഹമായിരുന്നു അവിടെ. ധർമടം മണ്ഡലത്തിലെ വികസനമുന്നേറ്റങ്ങളെ അടിവരയിടുന്നതായി പിണറായിയിലെത്തിയ ജനസഞ്ചയം. മനുഷ്യനെ വേർതിരിക്കാൻ ശ്രമിക്കുന്ന കേന്ദ്രഭരണാധികാരികളോട് ഞങ്ങളൊറ്റക്കെട്ടാണെന്ന് പിണറായിയിലെ കവിതപ്പറമ്പിൽ ഒത്തുചേർന്ന ആയിരങ്ങൾ പ്രഖ്യാപിച്ചു. തെയ്യക്കോലങ്ങളും പൂക്കാവടികളും പുഷ്പവൃഷ്ടിയും ചുവപ്പണിഞ്ഞ ആയിരങ്ങളും സ്വീകരണത്തെ അവിസ്മരണീയമാക്കി. കെ ശശിധരൻ സ്വാഗതം പറഞ്ഞു. പി ബാലൻ അധ്യക്ഷനായി.
സാമ്രാജ്യത്വത്തിനെതിരെയും വർഗീയതക്കെതിരെയും വിപ്ലവകരമായ ചെറുത്തുനിൽപ്പ് നടത്തിയ തലശേരിയിൽ, മാനത്ത് പൊട്ടിച്ചിതറുന്ന വർണക്കടലാസുകളും മുത്തുക്കുടയും ബാൻഡ് മേളയും കോൽക്കളി, കളരി അഭ്യാസപ്രകടനങ്ങളുമായാണ് ജാഥയെ സ്വീകരിച്ചത്. വളന്റിയർ മാർച്ചിന്റെ സല്യൂട്ട് സ്വീകരിച്ച് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ അലതല്ലുന്ന തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണത്തിൽ എം സി പവിത്രൻ സ്വാഗതം പറഞ്ഞു. കാരായി രാജൻ അധ്യക്ഷനായി.
മണ്ണിനോടും വിളകൾ തിന്നുന്ന മൃഗങ്ങളോടും പോരാടുന്ന മലയോര ജനതയൊന്നാകെ ഇരിട്ടിയിൽ ജാഥക്ക് അഭിവാദ്യമർപ്പിക്കാനെത്തി. ജനക്ഷേമ പ്രവർത്തനങ്ങളാൽ കൈ ചേർത്ത് പിടിക്കുന്ന സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ അർപ്പിച്ചു. ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ ഇരിട്ടിയിൽ ബിനോയ് കുര്യൻ സ്വാഗതം പറഞ്ഞു. കെ ശ്രീധരൻ അധ്യക്ഷനായി.
വയനാട് ജില്ലയിലേക്ക് പ്രവേശിച്ച ജാഥയെ മാനന്തവാടി മണ്ഡലത്തിലൈ തലപ്പുഴയിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അമ്പുകുത്തിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക്. ആർപ്പുവിളികളോടെയാണ് ആദിവാസികളും സ്ത്രീകളും ഉൾപ്പെടെയുള്ള കർഷക ജനത അനശ്വര പോരാളി പഴശ്ശിയുടെ നാട്ടിലേക്ക് വരവേറ്റത്.
ഭൂമിയ്ക്കായി സമരംചെയ്ത ആദിവാസികൾക്കുനേരെ മുത്തങ്ങയിൽ എ കെ ആന്റണിയുടെ പൊലീസ് നടത്തിയ നരനായാട്ടിന്റെ ഓർമകളിരമ്പുന്ന ബത്തേരിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. ആദിവാസികളും കർഷകരും ഉൾപ്പെടെ വൻ ജനാവലി ഇവിടെ സ്വീകരണമൊരുക്കി. രാത്രി കൽപ്പറ്റയിലെത്തിയ ജാഥക്ക് ഉജ്വല വരവേൽപ്പ് നൽകി . മുദ്രാവാക്യം വിളികളിൽ ആവേശം കൊടുമുടി കയറി.
മാനന്തവാടിയിലും കൽപ്പറ്റയിലും കൽപ്പറ്റ ഉണർവ് നാടൻ കലാ കേന്ദ്രത്തിന്റെ നാടൻപാട്ടും ബത്തേരിയിൽ മാങ്ങാട് അരവിന്ദന്റെ ഗാനമേളയും അരങ്ങേറി. മാനന്തവാടിയിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ എൻ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ബത്തേരിയിൽ പി ആർ ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി ബേബി സ്വാഗതം പറഞ്ഞു. കൽപ്പറ്റയിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ റഫീഖ് സ്വാഗതം പറഞ്ഞു.















