ലെയ്പ്സിഗ്
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കന്നിക്കിരീടം നോട്ടമിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് നിരാശ. ആദ്യപാദ പ്രീക്വാർട്ടറിൽ ആർബി ലെയ്പ്സിഗിനോട് 1–-1ന് കുരുങ്ങി. റിയാദ് മഹ്റെസിലൂടെ മുന്നിലെത്തിയ സിറ്റിയെ രണ്ടാംപകുതിയിൽ പ്രതിരോധക്കാരൻ യോസ്കോ ഗ്വാർഡിയോളിന്റെ ഗോളിൽ ലെയ്പ്സിഗ് തളയ്ക്കുകയായിരുന്നു.
മധ്യനിരയിൽ നാലുപേരെ ആക്രമണത്തിന് നിയോഗിച്ച സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ തന്ത്രവും പാളി. അവർക്ക് മൂന്നുതവണമാത്രമാണ് എതിർ ഗോൾവലയിലേക്ക് പന്ത് തൊടുക്കാനായത്. മുന്നേറ്റക്കാരൻ എർലിങ് ഹാലണ്ടും മങ്ങി. രോഗബാധിതനായ കെവിൻ ഡി ബ്രയ്ൻ കളിക്കാത്തതും സിറ്റിക്ക് വിനയായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന കളിയിൽ നോട്ടിങ്ഹാം ഫോറസ്റ്റിനോട് സമനില വഴങ്ങിയായിരുന്നു സിറ്റി എത്തിയത്.
എതിർതട്ടകത്തിൽ ഗോളടിച്ചുകൂട്ടുക എന്നതായിരുന്നു സിറ്റി പദ്ധതി. ഹാലണ്ടിന് പിറകിലായി വൻപടയെ വിന്യസിച്ചു. കൈൽ വാൾക്കറും ജാക്ക് ഗ്രീലിഷുമായിരുന്നു വിങ്ങുകളിൽ. ഇകായ് ഗുൺഡോവനും റിയാദ് മഹ്റെസും മധ്യത്തിൽ. റോഡ്രിയും ബെർണാഡോ സിൽവയും ഡിഫൻസീവ് മിഡ്ഫീൽഡിൽ. പ്രതിരോധത്തിൽ മൂന്നുപേർ മാത്രം. ആദ്യപകുതി കനത്ത ആക്രമണമാണ് സിറ്റി നടത്തിയത്. എന്നാൽ, ഒറ്റഗോളിൽ ഒതുങ്ങി. ഗുൺഡോവൻ ഒരുക്കിയ അവസരം മഹ്റെസ് ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാംപകുതി ലെയ്പ്സിഗ് കണക്കുക്കൂട്ടിയാണ് എത്തിയത്. പ്രതിരോധം കടുപ്പിച്ച് അവർ മുന്നേറ്റത്തിന് മൂർച്ച കൂട്ടി. ബെഞ്ചമിൻ ഹെൻറിക്സ് രണ്ടുവട്ടം ഗോളിന് അടുത്തെത്തിയതാണ്. ആന്ദ്രെ സിൽവയുടെ ഷോട്ട് സിറ്റി ഗോളി എഡേഴ്സൺ രക്ഷപ്പെടുത്തി. എന്നാൽ, അധികനേരം പിടിച്ചുനിൽക്കാൻ പറ്റിയില്ല. കോർണറിൽ തലവച്ച് ഗ്വാർഡിയോൾ ആതിഥേയർക്ക് സമനില സമ്മാനിച്ചു. മാർച്ച് 14ന് സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാംപാദം.
മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ ഒറ്റ ഗോളിന് പോർട്ടോയെ കീഴടക്കി. കളി തീരാൻ നാല് മിനിറ്റ് ബാക്കിനിൽക്കേ പകരക്കാരനായെത്തി റൊമേലു ലുക്കാക്കുവാണ് വിജയഗോൾ നേടിയത്. ഇന്ററിന്റെ തട്ടകത്തിലായിരുന്നു കളി.