കണ്ണൂർ
ജമാഅത്തെ -ഇസ്ലാമി–-ആർഎസ്എസ് ചർച്ചയെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാൻ കഴിയാത്തതിന്റെ വിഭ്രാന്തിയാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണത്തിൽ കാണുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന് കാരണം ജമാഅത്തെ -ഇസ്ലാമിയുമായുള്ള രാഷ്ട്രീയബന്ധമാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പൊതുസമൂഹത്തോട് വിശദീകരിക്കാനാകാത്ത രഹസ്യമാണ് ചർച്ചയുടെ അജൻഡ. ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഐ എം നടത്തുന്ന വിമർശങ്ങളെ പ്രതിരോധിക്കാൻ യുഡിഎഫ് നിർബന്ധിതമാകുന്നത്, അവരെ രാഷ്ട്രീയമായി ഉപയോഗിച്ചതുകൊണ്ടാണ്. യുഡിഎഫ്–- -ജമാഅത്തെ–- ആർഎസ്എസ് ബാന്ധവം എന്താണെന്ന് വ്യക്തമാക്കാൻ യുഡിഎഫ് തയ്യാറാകണം. ഗുണ്ടാ, -മാഫിയാ സംഘങ്ങൾക്കെതിരെ സിപിഐ എം വ്യക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം പ്രവണതകളെ വച്ചുപൊറുപ്പിക്കില്ല. വിളകൾക്കിടയിൽ കള വരുന്നത് സ്വാഭാവികം. അത്തരം കളകളെ പിഴുതെറിയുകയും വിള സംരക്ഷിക്കുകയുംചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇ പി പങ്കെടുക്കാത്തതിൽ അപാകമില്ല
ജനകീയ പ്രതിരോധ ജാഥാ സ്വീകരണത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിൽ അപാകമില്ലെന്ന് എം വി ഗോവിന്ദൻ. അദ്ദേഹം സംസ്ഥാന കൺവീനറാണ്. ഇന്ന ജില്ലയിൽ പങ്കെടുക്കണമെന്നില്ല. അദ്ദേഹത്തിന് ഒരതൃപ്തിയുമില്ല. പങ്കെടുക്കാതിരുന്നത് മനഃപൂർവവുമല്ല. ജാഥയ്ക്ക് വൻ ജനപങ്കാളിത്തവും പിന്തുണയും ലഭിക്കുമ്പോൾ അവമതിപ്പുണ്ടാക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും എം വി ഗോവിന്ദൻ പറഞ്ഞു.