കൊച്ചി
പ്രൈം വോളിബോൾ ലീഗ് രണ്ടാംസീസൺ അവസാനപാദ മത്സരങ്ങൾ ഇന്നുമുതൽ കൊച്ചിയിൽ നടക്കും. രാത്രി ഏഴിന് ആദ്യമത്സരത്തിൽ കലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. കടവന്ത്ര റീജണൽ സ്പോർട്സ് സെന്റർ (രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം) ആണ് വേദി. ഫെബ്രുവരി നാലിന് ആരംഭിച്ച ടൂർണമെന്റിൽ ബംഗളൂരുവിലും ഹൈദരാബാദിലുമായി 20 മത്സരങ്ങൾ പൂർത്തിയായി. അഞ്ച് മത്സരങ്ങളിൽനിന്ന് നാലു ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റുള്ള അഹമ്മദാബാദ് ഡിഫൻഡേഴ്സാണ് ഒന്നാമത്. അഞ്ചിൽ നാലുകളി ജയിച്ച കൊൽക്കത്ത തണ്ടർബോൾട്സ് എട്ടു പോയിന്റുമായി രണ്ടാമതുണ്ട്. ഇത്രയും പോയിന്റുള്ള ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് മൂന്നാംസ്ഥാനത്താണ്. നാലു മത്സരം കളിച്ച കലിക്കറ്റ് ഹീറോസാണ് ആറു പോയിന്റുമായി നാലാമത്. ബംഗളൂരു ടോർപ്പിഡോസ് (6), മുംബൈ മിറ്റിയോർസ് (3), ചെന്നൈ ബ്ലിറ്റ്സ് (2) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയിന്റ് നില. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഒറ്റ മത്സരവും ജയിച്ചിട്ടില്ല.
കൊച്ചിയിൽ ഫൈനൽ അടക്കം 11 മത്സരങ്ങളാണ് ബാക്കി. എല്ലാ ദിവസവും രാത്രി ഏഴിനാണ് മത്സരങ്ങൾ. ഫെബ്രുവരി 26ന് രണ്ട് മത്സരങ്ങൾ അരങ്ങേറും. രാത്രി 9.30നായിരിക്കും രണ്ടാംമത്സരം. റൗണ്ട്റോബിൻ ലീഗ് റൗണ്ടിൽ എട്ടു മത്സരങ്ങൾവീതമാണ് ഓരോ ടീമിനുമുള്ളത്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കലിക്കറ്റ് ഹീറോസും കൊച്ചിയിൽ മൂന്ന് മത്സരങ്ങൾവീതം കളിക്കും. ആദ്യ നാല് സ്ഥാനക്കാരാണ് സെമിഫൈനലിൽ പ്രവേശിക്കുക. മാർച്ച് രണ്ടിന് റൗണ്ട്റോബിൻ ലീഗ് മത്സരങ്ങൾ അവസാനിക്കും. മാർച്ച് മൂന്നിനും നാലിനുമാണ് സെമി. ഫൈനൽ മാർച്ച് അഞ്ചിന്.
അഞ്ചും ജയിച്ചാൽ
ബോണസ്
അഞ്ച് സെറ്റ് പൂർണമായും കളിക്കേണ്ട പ്രൈം വോളിബോൾ ലീഗിൽ മുഴുവൻ സെറ്റും നേടുന്ന ടീമിന് ഒരു പോയിന്റ് ബോണസായി ലഭിക്കും. ജയിക്കുന്ന ടീമിന് രണ്ടു പോയിന്റാണ്. 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ മുംബൈ മിറ്റിയോർസ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ് ടീമുകൾക്കുമാത്രമാണ് ബോണസ് പോയിന്റ് നേടാനായത്.
സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെ മത്സരങ്ങൾ തത്സമയം കാണാം. വോളിബോൾ വേൾഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. കാണികൾക്ക് പ്രവേശനം ടിക്കറ്റ് മൂലം. ബുക്ക് മൈ ഷോയിലൂടെ മത്സര ടിക്കറ്റുകൾ ബുക്ക് ചെയ്യാം.















