കൊച്ചി
ധനസ്ഥാപനങ്ങൾക്ക് ക്രിസിൽ (ക്രഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നൽകുന്ന റേറ്റിങ്ങിൽ മികച്ച നേട്ടമുണ്ടാക്കി ഇൻഫോപാർക്ക്. എ മൈനസിൽനിന്ന് ഇൻഫോപാർക്ക് എ സ്റ്റേബിൾ അംഗീകാരത്തിലേക്കുയർന്നു. പുരോഗതി കാത്തുസൂക്ഷിക്കുകയും സംസ്ഥാന സർക്കാർ സഹായത്തോടെ പദ്ധതികളിലേക്ക് കൃത്യമായി പണം ചെലവിടുകയും ഭാവി പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നതിനാണ് അംഗീകാരം.
അമേരിക്കൻ സാമ്പത്തികവിവര കമ്പനിയായ എസ് ആൻഡ് പി ഗ്ലോബലിന്റെ ഉപസ്ഥാപനമായി 1987ൽ സ്ഥാപിതമായതാണ് ക്രിസിൽ. ധനകാര്യരംഗത്ത് ഇൻഫോപാർക്കിന്റെ കൃത്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണിതെന്ന് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. സാമ്പത്തിക ക്രയവിക്രയങ്ങൾ സുതാര്യമായാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീടിനടുത്ത്
ജോലിയൊരുക്കും
വീടിനടുത്ത് ജോലി ചെയ്യാൻ കൂടുതൽ അവസരം ഒരുക്കാനൊരുങ്ങുകയാണ് ഇൻഫോപാർക്ക്. ‘വർക് നിയർ ഹോം’ പദ്ധതിക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവച്ച 50 കോടി രൂപ ഇതിന് മുതൽക്കൂട്ടാകും. കൊച്ചി മെട്രോ സ്റ്റേഷനുകളിലെ കെട്ടിടങ്ങൾ ഉപയോഗിച്ച് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് വർക് സ്പേസ് എന്ന കാഴ്ചപ്പാടിലാണ് സൗകര്യങ്ങൾ ഒരുക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ആശയം.
ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷം സോഫ്റ്റ്വെയർ കയറ്റുമതിയിലൂടെ ലഭിച്ചത് 8500 കോടി രൂപയാണ്. ഈയിനത്തിലെ വരുമാനത്തിൽ 2190 കോടിയുടെ വർധനയുണ്ടായി. 35 ശതമാനമാണ് വളർച്ച. 15 ലക്ഷം ചതുരശ്രയടി ഐടി ഇടമാണ് കമ്പനികൾക്കായി ഇൻഫോപാർക്കിൽ ഒരുങ്ങുന്നത്. ഐടി മന്ദിരങ്ങൾക്കായി മൂന്നരലക്ഷം ചതുരശ്രയടി സ്ഥലവും ഒരുങ്ങുന്നു.