തളിപ്പറമ്പ് > പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. നടുവിൽ കോട്ടച്ചോല സ്വദേശി സനൽ സജുവിനെ (29) യാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2015 ലാണ് സംഭവം.
ആലക്കോട് സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർഥിനിയെയാണ് സനൽ ലൈംഗികമായി പീഡിപ്പിച്ചത്.
2015 ജൂലൈ 13ന് വീട്ടിൽനിന്ന് സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഒടുവള്ളിത്തട്ടിലെത്തിച്ചു. അവിടെനിന്ന് ബൈക്കിൽ കയറ്റി നാട്ടുകാണിയിലെ വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. രാത്രി അവിടെ തങ്ങി 14ന് പെൺകുട്ടിയെ നീലേശ്വരത്തെ ലോഡ്ജിൽ എത്തിച്ചു. 17 വരെ ലോഡ്ജിൽ താമസിപ്പിച്ച് ഒന്നിലേറെ തവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
സ്കൂളിൽനിന്ന് പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും നീലേശ്വരത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്. അന്നത്തെ ആലക്കോട് ഇൻസ്പെക്ടർ എ വി ജോണാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ട് വകുപ്പുകൾ പ്രകാരമാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി മുജീബ് റഹ്മാൻ അമ്പത്തിനായിരം രൂപ വീതം പിഴയും 20 വർഷം കഠിന തടവും ശിക്ഷ വിധിച്ചത്. കേസിൽ ജാമ്യത്തിലിറങ്ങിയ സമയം പ്രതി മാറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമാനരീതിയിൽ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.