തിരുവനന്തപുരം > ചാനൽ ചർച്ചയ്ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റെ മുഖത്തടിക്കാൻ ആഹ്വാനം ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അസോസിയറ്റ് എഡിറ്റർ വിനു വി ജോൺ. എളമരം കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി നടത്തിയ മൊഴിയെടുപ്പിലാണ് ഈ വാദമുന്നയിച്ചത്.
സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ദേശീയ പണിമുടക്ക് ദിവസമായിരുന്നു ചാനൽ ചർച്ചയിൽ വിനുവിന്റെ അക്രമാഹ്വാനം. ‘എളമരം കരീം പോകുന്ന വണ്ടിയൊന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് അതിലുള്ള ആളുകളെ, എളമരംകരീം കുടുംബ സമേതമാണെങ്കിൽ അവരെയൊക്കെ ഇറക്കി വിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റഴിച്ച് വിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് മൂക്കിൽനിന്ന് ചോര വരുത്തണമായിരുന്നു’ എന്നായിരുന്നു വിനുവിന്റെ ആഹ്വാനം. പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയെടുക്കാൻ നോട്ടീസ് നൽകിയതോടെ വിനു ഇരവാദവുമായി രംഗത്തെത്തി. മുതിർന്ന മാധ്യമപ്രവർത്തകനായ തന്നെ ചോദ്യംചെയ്യാൻ വിളിച്ചെന്നായിരുന്നു പരിദേവനം.
എന്നാൽ, വിനു നടത്തിയ പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മാധ്യമ പ്രവർത്തനത്തിന്റെയോ ഭാഗമായി കാണാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ കന്റോൺമെന്റ് സ്റ്റേഷനിലെത്തിയ വിനുവിൽനിന്ന് സിഐ ഷാഫിയുടെ നേതൃത്വത്തിൽ അര മണിക്കൂറോളം മൊഴിയെടുത്തു.