ദമ്മാം > കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരികവേദി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ്-2023 സമാപിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി നവോദയയുടെ 137 യൂണിറ്റുകളിലായി രജിസ്റ്റർ ചെയ്ത ആറായിരത്തിലധികം പേരിൽ നിന്നും വിജയികളായവർ 22 ഏരിയകളിലായി മത്സരിച്ച ശേഷം ഒന്നാമതും രണ്ടാമതും എത്തിയ 840 വിജയികളാണ് കേന്ദ്രതല സ്പോർട്സ് മെഗാമീറ്റിൽ പങ്കെടുത്തത്. പരിപാടി വീക്ഷിക്കാൻ സിഹാത്ത് അൽ തരാജി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്.
ഫാമിലി വിഭാഗത്തിൽ, കുട്ടികൾക്കും മുതിർന്നവർക്കും പുരുഷൻമാർക്കും പ്രത്യേകം മത്സരങ്ങൾ നടന്നു. ബാച്ച്ലർ വിഭാഗത്തിൽ വിവിധ പ്രായപരിധികളിൽ ഉള്ളവർക്ക് തരം തിരിച്ചു കൊണ്ട് 50 ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. വിജയികൾക്ക് മെഡലുകളും, ട്രോഫികളും, വ്യക്തിഗത ചാമ്പ്യൻഷിപ്പും ഏരിയകൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും നൽകി.
22 ഏരിയകളിൽ നിന്നുള്ള 700 പേർ പങ്കെടുത്ത വർണ്ണാഭമായ മാർച്ച്പാസ്റ്റും, സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. രാവിലെ ഉദ്ഘാടന ചടങ്ങ് ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ക്ലിനിക്കൽ ഇൻസ്ട്രകടറും, ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മുൻഅംഗവുമായ നസ്ലബാരി മൂർക്കൻ നിർവഹിച്ചു. വൈകീട്ട് നടന്ന സമാപന ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാണ് മുഅസം ദാദൻ ഉദ്ഘാടനം നിർവഹിച്ചു. നവോദയ കേന്ദ്ര നേതാക്കൾ, സ്പോർട്സ് സ്വാഗതകമ്മിറ്റി ഭാരവാഹികൾ, വിവിധ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വ്യക്തിഗത വിഭാഗത്തിൽ ചാമ്പ്യൻ ട്രോഫി ബാച്ച്ലർ 18-45 വിഭാഗത്തിൽ അസ്ഹറുദ്ദീനും, 45 നു മുകളിലെ വിഭാഗത്തിൽ റിയാസ് പറളിയും, ഫാമിലി പുരുഷ 18-45 വിഭാഗത്തിൽ ധനേഷ് എംപി യും, ഫാമിലി പുരുഷ 45 നു മുകളിലെ വിഭാഗത്തിൽ സുധീറും നേടി. ടൊയോട്ട ഏരിയ പുരുഷ വിഭാഗത്തിലെ ഓവറോൾ ചാമ്പ്യൻമാരായി, ദമ്മാം ടൗൺ ഏരിയ രണ്ടും, മുബാറസ് മൂന്നും സ്ഥാനങ്ങൾ നേടി. ദമ്മാം കുടുംബവേദി ഏരിയ, കുടുംബവേദിയുടെ ഓവറോൾ ചാമ്പ്യൻമാരായി. അൽ ഹസ്സ, ഖോബാർ കുടുംബവേദികൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്പോർട്സ് മീറ്റിന്റെ നടത്തിപ്പിനായി നൌഫൽ വെളിയങ്കോട് ജനറൽ കൺവീനറും, കൃഷ്ണകുമാർ ചവറ ചെയർമാനുമായി 500 അംഗ സ്വാഗതസംഘം രൂപീകരിച്ചിരുന്നു. പരിപാടികളുടെ നടത്തിപ്പിന് നവോദയ കേന്ദ്രകമ്മിറ്റി നേതൃത്വം നൽകി.