അബുദാബി > ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള പ്രഥമ പിടി തോമസ് സ്മാരക അവാർഡിന് കെ പി സി സി ജനറൽ സെക്രട്ടറിയും സംസ്കാര സാഹിതി ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് അർഹനായി.യു എ ഇ യിലെ കലാ സാംസ്കാരിക സംഘടനയായ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ .ഇ സെൻട്രൽ കമ്മിറ്റിയാണ് പൊതു പ്രവർത്തകൻ പി.ടി യുടെ ഓർമക്കായി ഈ അവാർഡ് ഏർപ്പെടുത്തിയത്.
രാഷ്രീയ സാമൂഹിക പ്രവർത്തനങ്ങൾക്കു പുറമെ കലാ, സാംസ്കാരിക, സാഹിത്യ, പാരിസ്ഥിക, സിനിമാ രംഗത്തെ സംഭാവനകളും കൂടി കണക്കിലെടുത്താണ് അവാർഡ്. രാഷ്ട്രീയ നിരീക്ഷകയും സാഹിത്യകാരിയുമായ സുധാ മേനോൻ അധ്യക്ഷയായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
തുടർ വർഷങ്ങളിലും അവാർഡിനുള്ള മാനദണ്ഡം രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മറ്റു മേഖലകളിലെ പ്രവർത്തന മികവ് കൂടിയായിരിക്കുമെന്ന് ഭാരവാഹികളായ എൻ.പി മുഹമ്മദലി, ഇ പി ജോൺസൻ, രഞ്ജൻ ജേക്കബ്, എൻ കെ സജീവൻ എന്നിവർ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 26 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ചുനടക്കുന്ന വീക്ഷണം മഹോത്സവം എന്ന സാംസ്കാരിക പരിപാടിയിൽവെച്ചു അവാർഡ് വിതരണം ചെയ്യും. പിടിയുടെ സഹ ധർമിണിയും തൃക്കാക്കര എം എൽ യുമായ ഉമാ തോമസ് അടക്കം കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.