മലപ്പുറം
‘വിവാദങ്ങളിലേക്ക് വലിച്ചിടപ്പെട്ടതാണ്. സർക്കാരിന്റെ സഹായം വേണ്ട എന്ന നിഷേധനയമില്ല. വല്യുപ്പയുടെ ക്ലിനിക് നേരത്തെ ഉണ്ടായിരുന്നെങ്കിലും ലൈസൻസ് പുതിയതാണ്’–- ലക്ഷണമൊത്ത കള്ളവാർത്ത നൽകി മനോരമ ന്യൂസ് ചാനൽ വിവാദമാക്കിയ തോരപ്പ ഹോമിയോസിലെ ഡോ. നസീഫ് തോരപ്പ പറഞ്ഞു.
സർക്കാരിന്റെ സംരംഭകവർഷം പദ്ധതിയെ പരിഹസിക്കാൻ ചാനൽ നൽകിയ വാർത്തയിലാണ് ഡോ. നസീഫ് തോരപ്പയെ അവതരിപ്പിച്ചത്. 60 വർഷം പഴക്കമുള്ള ക്ലിനിക്കും പുതിയ സംരംഭകപ്പട്ടികയിൽ എന്നായിരുന്നു വാർത്ത. സർക്കാരിന്റെ കണക്ക് കള്ളമെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. സത്യാവസ്ഥ നസീഫ് പറയുന്നു: ‘മനോരമ ന്യൂസിന്റെ റിപ്പോർട്ടർ ചോദിച്ചത് ഈ ക്ലിനിക് നേരത്തെ ഉള്ളതല്ലേ, ലൈസൻസ് ഇല്ലേ എന്നാണ്. അതെയെന്നും ഉണ്ടെന്നും മറുപടി പറഞ്ഞു. ലൈസൻസ് എപ്പോൾ എടുത്തു എന്ന് ചോദിച്ചില്ല. സർക്കാരിന്റെ സംരംഭകവർഷത്തിനെതിരെ വാർത്ത നൽകാനാണ് ഇതെന്ന് അറിയില്ലായിരുന്നു’.
കഴിഞ്ഞവർഷം ഫെബ്രുവരി ഏഴിനാണ് മലപ്പുറം നഗരസഭാ ഓഫീസിൽ നസീഫ് പുതിയ ലൈസൻസിന് അപേക്ഷിച്ചത്. പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്ന തീയതിയായി കാണിച്ചത് 2022 ഏപ്രിൽ ഒന്നാണ്. ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെയുള്ള ലൈസൻസ് കഴിഞ്ഞവർഷം നവംബർ ഏഴിന് നഗരസഭ അനുവദിച്ചു. നഗരസഭയിൽ പുതിയ സംരംഭത്തിനുള്ള അപേക്ഷവന്ന് ലൈസൻസ് ലഭിച്ചതോടെയാണ് പുതിയ പട്ടികയിൽ നസീഫിന്റെ പേരും ഇടംപിടിച്ചത്. ‘വല്യുപ്പ തോരപ്പ ബാപ്പു ആയിരുന്നു കോട്ടപ്പടിയിൽ ഹോമിയോ ക്ലിനിക് നടത്തിയിരുന്നത്. വല്യുപ്പ 2020 ഒക്ടോബറിൽ മരിച്ചു. പിന്നീടാണ് എന്റെ പേരിൽ പുതിയ സംരംഭം തുടങ്ങാനുള്ള ലൈസൻസിന് അപേക്ഷിച്ചത്’–- ഡോ. നസീഫ് പറയുന്നു.

ഡോ. നസീഫിന് മലപ്പുറം നഗരസഭ കഴിഞ്ഞവർഷം നവംബർ ഏഴിന് അനുവദിച്ച പുതിയ ലൈസൻസ്















