തിരുവനന്തപുരം
എഐസിസി, കെപിസിസി നാമനിർദേശങ്ങളിൽ തഴയപ്പെട്ടതിനെതിരെയുള്ള എ, ഐ ഗ്രൂപ്പുകളുടെ പ്രതിഷേധം വകവയ്ക്കേണ്ടതില്ലെന്ന് ഔദ്യോഗിക നേതൃതലത്തിൽ ധാരണ. കെ സി വേണുഗോപാലിനും കെ സുധാകരനും വി ഡി സതീശനും താൽപ്പര്യമുള്ളവരുടെ പേരുകളാണ് പട്ടികകളിൽ ഉൾപ്പെടുത്തിയത്.
എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖർ പുറത്തായി. പാർടി പദവികൾ എയും ഐയും ഗ്രൂപ്പടിസ്ഥാനത്തിൽ ഇത്രയുംനാൾ വീതംവച്ച് എടുത്തതിന്റെ ദുരന്തമാണ് കോൺഗ്രസ് അനുഭവിക്കുന്നതെന്നാണ് സുധാകരന്റെയും വി ഡി സതീശന്റെയും വാദം. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന എ, ഐ ഗ്രൂപ്പുകാരിൽ പലരും എഴുന്നേറ്റ് നടക്കാൻപോലും ആകാത്തവരാണെന്നും ആക്ഷേപമുണ്ട്. അത്തരക്കാരെ വച്ച് ഇനിയും പാർടിക്ക് മുന്നോട്ടുപോകാനാകില്ല എന്നാണ് ഔദ്യോഗിക നിലപാട്.
ഈ സാഹചര്യത്തിലാണ് എഐസിസി അംഗങ്ങൾക്കു പുറമെ കെപിസിസിയിലേക്കും അധ്യക്ഷൻ എന്ന അധികാരം ഉപയോഗിച്ച് കെ സുധാകരൻ അമ്പതോളം പേരെ നാമനിർദേശം ചെയ്യാൻ തീരുമാനിച്ചത്. ബ്ലോക്കുകളിൽനിന്ന് നിർദേശിക്കുന്ന അംഗങ്ങൾക്ക് പുറമെയാണിത്. ഇക്കാര്യത്തിൽ എ, ഐ ഗ്രൂപ്പുകളിൽനിന്ന് നിർദേശങ്ങൾ ചോദിച്ചില്ല. ഇതോടെയാണ് ഇരു ഗ്രൂപ്പും പരാതി ഉന്നയിച്ചത്. നേരത്തേ 305 കെപിസിസി അംഗങ്ങളെയും നിശ്ചയിച്ചിരുന്നു.
വോട്ടവകാശമുള്ള 41 എഐസിസി അംഗങ്ങളെയും വോട്ടവകാശമില്ലാത്ത 16 വീതം ക്ഷണിതാക്കളെയും നിശ്ചയിച്ചതിലും പരമ്പരാഗത ഗ്രൂപ്പുകളെ തഴഞ്ഞെന്നും പരാതിയുണ്ട്. ജില്ലാതല സമിതികൾ തയ്യാറാക്കുന്ന പട്ടിക സംബന്ധിച്ചും കടുത്ത വിയോജിപ്പാണുള്ളത്. ആലപ്പുഴ മാത്രമേ പട്ടിക അയച്ചിട്ടുള്ളൂ. അതുതന്നെ തീർപ്പാക്കാൻ പറ്റാത്തവിധം കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണെന്നും ഇവർ പറയുന്നു.