തിരുവനന്തപുരം
കൊച്ചിയിൽ റോഡിൽ താഴ്ന്നുകിടന്ന കേബിളിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ നിർദേശം. തുടർന്ന് നിയമനടപടി ആരംഭിക്കാൻ ആവശ്യപ്പെട്ട് റോഡ് സുരക്ഷാ കമീഷണർ എസ് ശ്രീജിത്ത് എറണാകുളം കലക്ടർക്കും എറണാകുളം സിറ്റി പൊലീസ് കമീഷണർക്കും കത്ത് നൽകി.
റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്ന്കിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് 14ന് എറണാകുളത്ത് വിളിച്ച യോഗത്തിൽ റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. റോഡുകളിൽ കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്ന്കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും അപകടമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് കർശന നടപടി. പൊതുനിരത്തിലെ അപകടകരമായ വസ്തുക്കൾ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സേഫ്ടി അതോറിറ്റി ആക്ടിലെ 14––ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്കുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും.















