തിരുവനന്തപുരം
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളിൽ ഹൈക്കോടതിയ്ക്ക് സംതൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകളെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. ഭക്ഷ്യവിഷബാധ തടയാൻ ഭക്ഷ്യ സുരക്ഷാവകുപ്പ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമീഷണറും നൽകിയിരുന്നു.
ഭക്ഷ്യവിഷബാധയൊഴിവാക്കാൻ സർക്കാർ നേരത്തെ തന്നെ ഇടപെടലുകൾ നടത്തിയിരുന്നു. ഷവർമ വിൽപന മാർഗനിർദേശം പുറപ്പെടുവിച്ചു നടപ്പാക്കാൻ കർശന നിർദേശം നൽകി. ഇവ ലംഘിക്കുന്നുണ്ടോയെന്നറിയാൻ പരിശോധന ശക്തമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് യോഗം ചേർന്ന് പരിശോധനകൾ ശക്തമാക്കാൻ നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ തദ്ദേശമന്ത്രിയുമായി ആരോഗ്യമന്ത്രി ചർച്ച നടത്തി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വകുപ്പ് കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയവും അപ്രതീക്ഷിതവുമായ പരിശോധനകൾ നടത്തി നടപടി സ്വീകരിച്ചു. ഇവയെല്ലാം വിലയിരുത്തിയാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്.