തലശേരി
ഒന്നാം പിണറായി സർക്കാരിന്റെ സുപ്രധാന പദ്ധതിയായ ‘ലെെഫ്’ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ജനം പദ്ധതിക്കൊപ്പമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. പൊന്ന്യം പറാങ്കുന്ന് നാല് സെന്റ് കോളനിയിൽ ലെെഫ് പദ്ധതിയിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിലെ നിധീഷിനായി നിർമിച്ച സംസ്ഥാനത്തെ ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. സമൂഹത്തിൽ അവഗണനകൾ നേരിടുന്നവരാണ് ട്രാൻസ് ജെൻഡർ വിഭാഗം. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്.
പരിഗണിക്കപ്പെടുന്നു എന്ന് തോന്നിയപ്പോൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ അവർ തയ്യാറാവുന്നുണ്ടെന്നത് അനുഭാവപൂർവമായ കാര്യമാണെന്നും സ്പീക്കർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. വീട് നിർമിച്ച കോൺട്രാക്ടർ പ്രകാശനെയും ഇലക്ട്രിക്കൽ പ്രവൃത്തി പൂർത്തീകരിച്ചവരെയും ഉപഹാരം നൽകി ആദരിച്ചു.