കണ്ണൂർ
ക്ഷേത്രം ട്രസ്റ്റികളായി രാഷ്ട്രീയപാർടി പ്രവർത്തകരെ നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . സിപിഐ എം നിലപാടും ഇതുതന്നെയാണ്. ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണ്. ബാബ്റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്. അവിടെ ആർഎസ്എസ്, ബിജെപി, കോൺഗ്രസ്, സിപിഐ എം പ്രവർത്തകരൊന്നും ട്രസ്റ്റികളാകേണ്ടതില്ലെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസ്സും നടത്തിയ രഹസ്യചർച്ച പുറത്തുവന്നതിന്റെ ജാള്യത്തിലാണ് ആർഎസ്എസ്സുമായി സിപിഐ എം രഹസ്യചർച്ച നടത്തിയെന്ന പ്രചാരണം. കണ്ണൂരിലും മറ്റിടങ്ങളിലുമുണ്ടായിരുന്ന രാഷ്ട്രീയസംഘർഷം ഇല്ലാതാക്കാൻ നിരവധി തവണ സർവകക്ഷിയോഗവും ഉഭയകക്ഷി ചർച്ചയും നടന്നിട്ടുണ്ട്. ആ ചർച്ചയ്ക്കുശേഷം വലിയതോതിൽ സംഘർഷം കുറഞ്ഞു. ഈ ചർച്ചയോടെ ആർഎസ്എസ്സുകാർ സിപിഐ എം പ്രവർത്തകരെ കൊന്നില്ലെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അസംബന്ധമാണ്. അതിനുശേഷവും ആർഎസ്എസ്സുകാരും കോൺഗ്രസുകാരും സിപിഐ എം പ്രവർത്തകരെ ഇല്ലാതാക്കിയിട്ടുണ്ട്. സിപിഐ എം സംയമനം പാലിക്കുന്നതിനാലാണ് സംഘർഷമില്ലാത്തത്. ജമാഅത്തെ ഇസ്ലാമിയുമായോ വെൽഫയർ പാർടിയുമായോ സിപിഐ എം ഇതുവരെ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കോടതി വിധിയും
‘സിപിഐ എമ്മിനെ’ അടിക്കാൻ
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ ഭരണസമിതി തെരഞ്ഞെടുപ്പിലെ ഹൈക്കോടതി വിധിയിലും സിപിഐ എമ്മിനെ കുത്താൻ ശ്രമിച്ച് മാധ്യമങ്ങൾ. ഒറ്റപ്പാലം പൂക്കോട്ട് കാളികാവിൽ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയിലായിരുന്നു ഡിവിഷൻ ബെഞ്ച് വിധി. രാഷ്ട്രീയ പാർടികളുടെ സജീവപ്രവർത്തകരോ നേതാക്കളോ ക്ഷേത്ര ഭരണസമിതികളിൽ വരുന്നതിനോട് സിപിഐ എമ്മിന് താൽപ്പര്യമില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഭരണസമിതികളിൽ കയറിക്കൂടിയ ബിജെപി നേതാക്കളാണ് ക്ഷേത്രങ്ങളും സ്വത്തുക്കളും ദുരുപയോഗം ചെയ്യുന്നതെന്ന വസ്തുത തുറന്നുപറയാൻ മാധ്യമങ്ങൾ തയ്യാറായില്ല. ഹൈക്കോടതി വിധി സിപിഐ എമ്മിനെയാണ് ബാധിക്കുകയെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രധാന ഭാരവാഹിയായി ഇരിക്കുന്ന നരേന്ദ്ര മോദി അടക്കം രാഷ്ട്രീയ നേതാക്കൾ ക്ഷേത്രങ്ങളുടെ ഭരണത്തിൽ ഇടപെടരുത് എന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്.
കേരളത്തിൽ ബിജെപി നേതൃത്വത്തിലുള്ള ക്ഷേത്ര കമ്മിറ്റികൾ വിശ്വാസികളുടെ താൽപ്പര്യമല്ല സംരക്ഷിക്കുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആയുധ പരിശീലനത്തിനും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും വേട്ടയാടാനുള്ള ആസൂത്രണ കേന്ദ്രങ്ങളായും ആരാധനാലയ പരിസരങ്ങളെ മാറ്റുകയാണ് പതിവ്. കൊടുങ്ങല്ലൂരും ഗുരുവായൂരുമടക്കം പല സ്ഥലങ്ങളിലും ഇത്തരം അനുഭവങ്ങളുണ്ട്. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ബിജെപി–-കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭരണത്തിലായിരുന്നു ദീർഘകാലം. അഴിമതിയും സ്വജനപക്ഷപാതവും ആയുധപരിശീലനവുമടക്കം നിരവധി പ്രശ്നങ്ങളായിരുന്നു അവിടെ. വിശ്വാസികളുടെ നിരന്തരമായ പരാതിയെത്തുടർന്ന് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തു. തുടർന്നാണ് കൃത്യമായ കണക്കും ഓഡിറ്റിങ്ങുമുണ്ടായത്.