തളിപ്പറമ്പ്
‘‘അത്യന്തം വൈകാരികമായ ഒരു സ്വീകരണകേന്ദ്രമാണിത്. അനശ്വര രക്തസാക്ഷി ധീരജിന്റെ ഓർമകൾ ഇവിടെയെത്തിയ ആയിരക്കണക്കിനാളുകളുടെ മനസിനെ പിടിച്ചുലയ്ക്കുകയാണ്’’–- ജാഥാലീഡർ എം വി ഗോവിന്ദൻ തളിപ്പറമ്പ് ചിറവക്കിലെ സ്വീകരണകേന്ദ്രത്തിൽ സംസാരിച്ചു തുടങ്ങിയപ്പോൾ സദസ് നിശബ്ദമായി. ‘ഇന്ന് ധീരജിന്റെ 23–-ാം പിറന്നാളാണ്. കോൺഗ്രസ് അക്രമിസംഘം കുത്തിക്കൊന്ന ആ വിദ്യാർഥിയുടെ വേർപാടിന്റെ വേദനയിൽ ഇന്നും ജന്മനാടായ തളിപ്പറമ്പിന്റെ മനസ് വിങ്ങുകയാണ് ’.–- പിറന്നാൾ വിവരം അദ്ദേഹം പറഞ്ഞപ്പോൾ സദസ് ശ്വാസമടക്കിപ്പിടിച്ചാണ് കേട്ടുനിന്നത്. അനശ്വര രക്തസാക്ഷി ധീരജിന്റെ പിറന്നാൾ ദിനത്തിൽ തളിപ്പറമ്പിൽ സ്വീകരണമൊരുങ്ങിയത് യാദൃച്ഛികമെങ്കിലും ഒട്ടേറെ വൈകാരിക നിമിഷങ്ങൾക്കാണ് ആ വേദി സാക്ഷിയായത്.
സദസ്സിലിരുന്ന അച്ഛൻ രാജേന്ദ്രന്റെയും അമ്മ പുഷ്കലയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. കോൺഗ്രസ് ആ ക്രൂരത കാണിച്ചില്ലായിരുന്നെങ്കിൽ അവനുംകൂടി പരിപാടിയുടെ മുൻനിരയിൽ ഉണ്ടാകുമായിരുന്നുവെന്ന് അവർക്കറിയാമായിരുന്നു.
മുഷ്ടി ചുരുട്ടി ഉറക്കെയുറക്കെ അവന്റെ ശബ്ദം മുദ്രാവാക്യങ്ങളായി ഉയരുമായിരുന്നു. 2022 ജനുവരി 10നാണ് ഇടുക്കി എൻജിനിയറിങ് കോളേജിൽ ധീരജ് രാജേന്ദ്രനെ ക്യാമ്പസിൽ കെഎസ്യു–-യൂത്ത് കോൺഗ്രസ് സംഘം കുത്തിക്കൊന്നത്. ധീരജിന്റെ പിറന്നാൾ ദിനത്തിൽ സാന്ത്വന പരിചരണ സംഘടനയായ ഐആർപിസിക്ക് സാമ്പത്തിക സഹായവുമായാണ് ധീരജിന്റെ മാതാപിതാക്കളും സഹോദരനും ജാഥയിലെത്തിയത്. ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി അവർ ആ തുക ജാഥാ ലീഡർ എം വി ഗോവിന്ദന് കൈമാറി.