പാലക്കാട്
രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ പടി കയറുമ്പോൾത്തന്നെ സുബി സുരേഷിനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. എന്നിട്ടും പിന്മാറിയില്ല. ഏറ്റെടുത്ത പരിപാടി വിജയിപ്പിക്കുകയാണ് ലക്ഷ്യം. ജനുവരി 26ന് ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം ജില്ലാതല സമ്മാനവിതരണത്തോടൊപ്പം നടത്തിയ കലാസന്ധ്യയാണ് സുബിയുടെ അവസാന സ്റ്റേജ് പരിപാടി. ആശുപത്രിയിൽ ചികിത്സ തേടിയശേഷമാണ് അവർ ദേശാഭിമാനി വേദിയിലെത്തിയത്. എന്നാൽ അതിന്റെ പരിഭവമോ പരാതിയോ സംഘാടകരോട് കാണിച്ചില്ല. വേദന കടിച്ചമർത്തിയാകണം ജനക്കൂട്ടത്തെ ചിരിപ്പിച്ചത്. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടി ആസ്വദിച്ചു. തിങ്ങിക്കൂടിയ ആരാധകരെ വിഷമിപ്പിക്കാതെ എല്ലാവർക്കും സെൽഫിക്ക് പോസ് ചെയ്താണ് സുബി മടങ്ങിയത്. എന്നാൽ മടക്കം നേരെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കായിരുന്നു.
അക്ഷരമുറ്റം കലാവിരുന്നിനിടെ നെഞ്ചുവേദനിക്കുന്നുണ്ടെന്ന് സുബി പറഞ്ഞതായി സഹപ്രവർത്തകൻ രാഹുൽ ഓർമിക്കുന്നു. കോമഡി അവതരിപ്പിക്കാൻ രാഹുലിനെ പരിചയപ്പെടുത്തിയശേഷം ഏറെനേരം സ്റ്റേജിൽ നിൽക്കാനാകാതെ സുബി ഗ്രീൻറൂമിലേക്ക് പോയി. ജാർഖണ്ഡ് യാത്രയ്ക്കുശേഷം ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സുബി, ഏറ്റെടുത്ത പരിപാടിയോടുള്ള ആത്മാർഥത കാരണമാണ് അവശതയിലും പാലക്കാട്ട് എത്തിയത്. ജാർഖണ്ഡിൽനിന്ന് വരുമ്പോർ വയറിന് പ്രശ്നവും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു.