കൊച്ചി
ജീവിതശൈലിയും മടിയും തന്റെ ആരോഗ്യനില വഷളാക്കിയെന്ന് ഏതാനും മാസംമുമ്പ് യുട്യൂബ് ചാനലിലിട്ട വീഡിയോയിൽ സുബി പറഞ്ഞിരുന്നു. രോഗങ്ങൾക്ക് ചികിത്സിക്കേണ്ടതിന്റെയും മരുന്നും ഭക്ഷണവും കഴിച്ച് ആരോഗ്യം നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റുള്ളവരുടെ അറിവിലേക്കായി പങ്കിടുകയും ചെയ്തു.
കാശുണ്ടാക്കാനായി ഓടിനടന്ന് ഇങ്ങനെയായെന്ന് മറ്റുള്ളവർ ധരിക്കരുതെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സുബി വീഡിയോയിൽ വരുന്നത്. അങ്ങനെയല്ല, ദീർഘനാളായി ഷോകളും പരിപാടികളും ഇല്ലാതിരുന്ന് വീണ്ടും തിരക്കായപ്പോൾ ആരോഗ്യം ശ്രദ്ധിക്കാതെ ഓടിയതിന്റെ ഫലമാണ് തന്റെ ആശുപത്രിവാസമെന്നും സുബി പറഞ്ഞു. സമയത്തിന് ആഹാരം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക ഇങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലാത്തതുകൊണ്ട് എല്ലാംകൂടി ഒരുമിച്ച് വന്നു…
ഷൂട്ടൊക്കെ കഴിഞ്ഞ് വീട്ടിൽവന്ന് കിടന്നാൽ വൈകുന്നേരം നാലിനും അഞ്ചിനുമൊക്കെയാണ് എഴുന്നേൽക്കുന്നത്. ഇടയ്ക്ക് എഴുന്നേറ്റാൽത്തന്നെ കുറച്ചു വെള്ളമൊക്കെ കുടിച്ചിട്ട് കിടക്കും. വിശന്നാലും മടിപിടിച്ച് കിടക്കും. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. ദിവസത്തിൽ ഒരു നേരമൊക്കെ ആയിരിക്കും ആഹാരം കഴിക്കുന്നത്. അങ്ങനെയാണ് ഒരു വിഡിയോപോലും എടുക്കാൻപറ്റാത്ത രീതിയിൽ 10 ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നത്…
ഞാൻ ആശുപത്രിയിലായി എന്നറിയിക്കാനല്ല കേട്ടോ ഈ വീഡിയോ, എന്നെപ്പോലെ ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവർ ഉണ്ടെങ്കിൽ അൽപ്പം ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചുകൂടി നന്നായിട്ട് മുമ്പോട്ടുപോകാൻ പറ്റും എന്ന ഒരു ഇൻഫർമേഷൻമാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. അപ്പോൾ വേറൊന്നുമില്ല പറയാൻ, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഉറങ്ങേണ്ട സമയം നന്നായി ഉറങ്ങുക. ശരീരം നന്നായി ശ്രദ്ധിക്കുക എന്നുകൂടി പറഞ്ഞാണ് സുബി വീഡിയോ അവസാനിപ്പിച്ചത്.