തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ–- വികസന പ്രവർത്തനങ്ങളും സിപിഐ എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയും യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ വിറളിപിടിപ്പിച്ചിരിക്കുന്നു. അവയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ തൊടുന്യായങ്ങൾ നിരത്തി ഇവർ ബോധപൂർവ്വം അക്രമസമരങ്ങൾ അഴിച്ചുവിടുകയാണ്. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരു കൂട്ടരും നടത്തിയ സമരം സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം നൽകുന്നു.
പൊലീസുകാരെ
വളഞ്ഞിട്ടാക്രമിച്ചു
ക്ലിഫ് ഹൗസിന് മുന്നിലേക്ക് മാർച്ച് നടത്തിയ യൂത്ത്കോൺഗ്രസുകാർ പൊലീസിനെ വളഞ്ഞിട്ടാക്രമിച്ചു. പരിക്കേറ്റ പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ആനന്ദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ യൂത്ത്കോൺഗ്രസുകാർ ശ്രമിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് അക്രമികളെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
മലപ്പുറത്ത് യൂത്ത് ലീഗ് അക്രമം:
3 പൊലീസുകാർക്ക് പരിക്ക്
ബജറ്റിനെതിരെ നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ യൂത്ത് ലീഗ് അക്രമം. കല്ലേറിലും അക്രമത്തിലും വനിതാ ഉദ്യോഗസ്ഥയുൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കോട്ടക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് അശ്വിത്, സിപിഒമാരായ മുഹമ്മദ് മൻസൂർ, മിഷ എന്നിവർക്കാണ് പരിക്കേറ്റത്. കലക്ടറേറ്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് ലീഗുകാർ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. പൊലീസിനുനേരെ ആക്രോശവും തെറിവിളിയുമായി അഴിഞ്ഞാടി. കല്ലേറും തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. 14 പേരെ അറസ്റ്റ് ചെയ്തു.
“സിഐയുടെ
കൈവെട്ടും,
ശവം ഒഴുക്കും’
സിഐയുടെ കൈവെട്ടുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി സി മോഹനന്റെ ഭീഷണി. യുവമോർച്ച പ്രവർത്തകനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് നടക്കാവ് സിഐ ജിജീഷിനെതിരെ ഭീഷണി മുഴക്കിയത്. ‘വെട്ടിയാൽ മുറിയുന്ന ശരീരമാണ് സിഐ ജിജീഷിന്റേത്. ജിജീഷ് താമസിക്കുന്ന സ്ഥലം കണ്ടെത്തി വച്ചിട്ടുണ്ട്. വൈകിയാൽ പലിശ സഹിതം നൽകുന്നവരാണ് ബിജെപി’–- മോഹനൻ പറഞ്ഞു. കാക്കിയിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടക്കുമായിരുന്നെന്ന് യുവമോർച്ച ജനറൽ സെക്രട്ടറിയും കൗൺസിലറുമായ റനീഷും ഭീഷണി മുഴക്കി. സംഘർഷമുണ്ടാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചു. ടി റനീഷ്, പി സി മോഹനൻ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു.