ലണ്ടൻ
ആൻഫീൽഡിൽ ലിവർപൂളിനെ തച്ചുടച്ച് റയൽ മാഡ്രിഡ്. 14 മിനിറ്റിൽ രണ്ട് ഗോളിന് പിന്നിലായശേഷം അഞ്ചെണ്ണം തിരിച്ചടിച്ച് റയൽ, ലിവർപൂളിനെ കശാപ്പ് ചെയ്തു. കഴിഞ്ഞ ഫൈനൽ ഉൾപ്പെടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇത് തുടർച്ചയായ ഏഴാംതവണയാണ് ഇംഗ്ലീഷ് കരുത്തർ റയലിനുമുന്നിൽ കീഴടങ്ങുന്നത്. ആദ്യപാദ പ്രീക്വാർട്ടറിലെ തകർപ്പൻ ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ റയൽ ക്വാർട്ടറിലേക്ക് ഒരുചുവട് മുന്നിലെത്തി. ഇരട്ടഗോൾ നേടിയ വിനീഷ്യസ് ജൂനിയറും കരിം ബെൻസെമയുമാണ് റയലിന്റെ തിരിച്ചുവരവിന് ഊർജമായത്. ഏദെർ മിലിറ്റാവോയായിരുന്നു മറ്റൊരു സ്കോറർ.
ഡാർവിൻ ന്യൂനെസിലൂടെയും മുഹമ്മദ് സലായിലൂടെയും മുന്നിലെത്തിയ ലിവർപൂൾ വമ്പൻ ജയമാണ് കൊതിച്ചത്. സ്വന്തംതട്ടകമായ ആൻഫീൽഡിൽ ആരാധകർ വിജയാഘോഷം തുടങ്ങിയിരുന്നു. അവസാന സീസണിലെ കിരീടപ്പോരിന്റെ തോൽവിക്ക് പ്രതികാരം തീർത്തെന്ന മുദ്രാവാക്യം ഗ്യാലറിയിൽ മുഴങ്ങി. എന്നാൽ, ഈ അമിതാവേശത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ബോക്സിന് ഇടതുമൂലയിൽനിന്നുള്ള മുന്നേറ്റത്തിൽ റയൽ ഒന്നുമടക്കി. വിനീഷ്യസിന്റെ അതിവേഗ മുന്നേറ്റം ബെൻസെമയിലേക്ക്. പന്ത് ഉടനെ റയൽ നായകൻ തിരിച്ചേൽപ്പിച്ചു. ബോക്സിനുള്ളിൽ കയറിയ വിനീഷ്യസ് ജോ ഗോമസിന്റെയും ഫാബീന്യോയുടെയും കാലുകൾക്കിടയിലൂടെ ഉഗ്രനടി തൊടുത്തു. അവിടെ തുടങ്ങി റയൽ. ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബക്കറിന്റെ പിഴവിൽനിന്നായിരുന്നു സമനിലഗോൾ. റയലിന്റെ മുന്നേറ്റം തടഞ്ഞ് ഗോമസ് നൽകിയ പന്ത് അലിസൺ മുന്നിലുള്ള വിനീഷ്യസിന്റെ കാലുകളിലേക്കടിച്ചു. പിന്തിരിഞ്ഞ് നിന്ന ബ്രസീലുകാരന്റെ കാലിൽതട്ടി പന്ത് വലയിലെത്തി. ഇതോടെ ആൻഫീൽഡ് നിശബ്ദമായി.
ഇടവേള കഴിഞ്ഞെത്തിയ റയൽ തനിനിറം കാട്ടി. ഏദെർ മിലിറ്റാവോയിലൂടെ ലീഡ് നേടി. പിന്നാലെയായിരുന്നു ബെൻസെമയുടെ ഇരട്ടഗോൾ. രണ്ടാംപകുതിൽ ലിവർപൂൾ തകർന്നടിഞ്ഞു. ആൻഫീൽഡിൽ അഞ്ച് ഗോൾ നേടുന്ന ആദ്യ എതിർടീമാണ് റയൽ. അവസാന സീസണിൽ കാർലോ ആൻസെലൊട്ടിക്കുകീഴിൽ സമാന പ്രകടനമായിരുന്നു. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി ക്ലബ്ബുകൾക്കെതിരെ പിന്നിട്ടുനിന്നശേഷം തിരിച്ചുവന്നു. ഇത്തവണയും ഇതാവർത്തിക്കുമെന്ന താക്കീതുമായാണ് റയൽ കളംവിട്ടത്. മാർച്ച് 15ന് സാന്റിയാഗോ ബെർണബ്യൂവിലാണ് രണ്ടാംപാദ പ്രീക്വാർട്ടർ.
മറ്റൊരു മത്സരത്തിൽ നാപോളി ഐൻട്രാക്ട് ഫ്രാങ്ക്ഫുർട്ടിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. വിക്ടർ ഒസിമേനും ജിയോവാനി ഡി ലൊറെൻസോയും ലക്ഷ്യം കണ്ടു.
വിനീഷ്യസിന്റെ ഗോൾമേളം
ചാമ്പ്യൻസ് ലീഗിലെ ഗോളടിയിൽ റെക്കോഡിട്ട് റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ വിനീഷ്യസ് ജൂനിയർ. ലീഗിന്റെ എല്ലാഘട്ടങ്ങളിലും ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി ഇരുപത്തിരണ്ടുകാരൻ. 2019ൽ ക്ലബ് ബ്രുജിനെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ഗോൾ. പ്രീക്വാർട്ടർ, ക്വാർട്ടർ, ഫൈനൽ മത്സരങ്ങളിൽ ലിവർപൂളിനെതിരെയാണ് ലക്ഷ്യംകണ്ടത്. കഴിഞ്ഞ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും ബ്രസീലുകാരൻ ഗോളടിച്ചു.