മംഗളൂരു
കർണാടകത്തിൽ മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർ പട്ടികയിൽനിന്ന് വലിയതോതിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരുകൾ വെട്ടി. സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണിതെന്ന് കത്തോലിക്കാ നേതാക്കൾ.
ശിവാജിനഗർ മണ്ഡലത്തിൽനിന്ന് 9195 പേരുകൾ നീക്കം ചെയ്തു. ഇതിൽ എണ്ണായിരത്തിലധികം പേർ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മുസ്ലിംവിഭാഗം തിങ്ങിപ്പാർക്കുന്ന മണ്ഡലമാണ് ശിവാജിനഗർ. ബംഗളൂരു അതിരൂപതാ പ്രതിനിധി സംഘം ഇതു സംബന്ധിച്ച് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി. ന്യൂനപക്ഷ വിഭാഗം പ്രബലമായ മണ്ഡലങ്ങളിലെല്ലാം ഇത്തരത്തിൽ നീക്കം ചെയ്യപ്പെടൽ നടന്നിട്ടുണ്ടെന്ന് അതിരൂപതാ പിആർഒ ജെ ആർ കാന്തരാജ് പറഞ്ഞു. പുതുക്കിയ വോട്ടർ ലിസ്റ്റിൽനിന്ന് നീക്കിയ 20 പേർ ഇപ്പോഴും അവിടെ താമസിക്കുന്നതായി ശിവാജിനഗറിലെ ബൂത്തുതല ഉദ്യോഗസ്ഥ വി ഗീത പറഞ്ഞു.
ഒക്ടോബറിൽ സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വകാര്യ എൻജിഒ വീടുകൾതോറും കയറി വിവരങ്ങൾ ശേഖരിച്ചിരുന്നു. ബിജെപി സർക്കാരിന്റെ അനുമതിയോടെയാണ് സംഘം വോട്ടർ ഐഡി, ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചത്. ഇത് ന്യൂനപക്ഷങ്ങളുടെ പേര് വോട്ടർ ലിസ്റ്റിൽനിന്ന് നീക്കം ചെയ്യാനാണെന്ന് വ്യക്തമാവുകയാണ്. തെരഞ്ഞെടുപ്പിൽ നൂറിൽ താഴെ സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂവെന്ന് രഹസ്യ സർവേയിൽ സര്ക്കാരിന് വ്യക്തമായതായി റിപ്പോര്ട്ടുണ്ട്.