കൊല്ലം
വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനത്തിൽ ചില ജില്ലകളിൽ പിഴവുണ്ടെന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ മനോരമ നൽകിയ വാർത്ത ലക്ഷണമൊത്ത നുണയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. “എന്നോടുചോദിക്കാതെ എന്റെ അഭിപ്രായമായി എഴുതിപ്പിടിപ്പിക്കാൻ മനോരമ തയ്യാറായി. ഇതു മാധ്യമപ്രവർത്തനമല്ല’. കൊല്ലത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ സംരംഭങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ലെന്ന് സ്ഥാപിക്കാൻ മനോരമ ഇത്രയധികം സമയവും അധ്വാനവും ചെലവഴിക്കുന്നത് നാടിന്റെ വികസനം തകർന്നുകാണാനുള്ള മനോഭാവത്തിന്റെ ഭാഗമാണ്. ലോകത്ത് ഒരു മാധ്യമവും ഇങ്ങനെ ചെയ്യുന്നുണ്ടാകില്ല. പുതിയ സംരംഭങ്ങളൊന്നും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത് മനോരമ പ്രോത്സാഹിപ്പിച്ചിട്ടില്ല. പദ്ധതിക്കായി വ്യവസായവകുപ്പും ഉദ്യോഗസ്ഥരും കഠിനാധ്വാനത്തിലാണ്. പാകപ്പിഴയുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് ചൂണ്ടിക്കാണിക്കാം. രജിസ്റ്റർ ചെയ്യുന്ന എല്ലാ സംരംഭങ്ങളുടെയും വിവരം ലഭ്യമാണ്. ഏതെങ്കിലും കാരണവശാൽ പ്രവർത്തിക്കാത്ത ഒന്നിന്റെ വിവരമെടുത്ത് പർവതീകരിക്കുന്നത് ശരിയല്ല.
പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ വിവരങ്ങൾ നൽകിയിട്ട് പ്രവർത്തിക്കാത്തവയെ കുറിച്ചും പറയാം. അതാണ് മാധ്യമധർമവും നാടിനോടുള്ള പ്രതിബദ്ധതയും. നെഗറ്റീവ് ജേർണലിസം നല്ലതല്ലെന്നും റെസ്പോൺസിബിൾ ജേർണലിസമാണ് വേണ്ടതെന്നും മന്ത്രിപറഞ്ഞു.















