ഇൻഡോർ
ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഇന്ത്യയുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽനിന്ന് പിന്മാറി. രണ്ട് ടെസ്റ്റുകളാണ് ശേഷിക്കുന്നത്. രണ്ടാംടെസ്റ്റിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പന്ത് വാർണറുടെ കൈമുട്ടിന് ഇടിക്കുകയായിരുന്നു. രണ്ടാംഇന്നിങ്സിൽ വാർണർക്ക് കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. മാറ്റ് റെൻഷോ പകരക്കാരനായി കളിച്ചു.
വാർണർക്കുപകരം ട്രവിസ് ഹെഡാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇൻഡോറിൽ നടക്കുന്ന മൂന്നാംടെസ്റ്റിലും ഹെഡായിരിക്കും ഉസ്മാൻ ഖവാജയ്ക്കൊപ്പം ഓപ്പണറായെത്തുക. ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ കളിക്കും. പേസർ ജോഷ് ഹാസെൽവുഡും പരിക്കുകാരണം നാട്ടിലേക്ക് മടങ്ങിയിരുന്നു. മാർച്ച് ഒന്നിനാണ് മൂന്നാംടെസ്റ്റ് തുടങ്ങുന്നത്. ഇൻഡോറാണ് വേദി. പരമ്പരയിൽ ഇന്ത്യ 2–-0ന് മുന്നിലാണ്.















