ഭുവനേശ്വർ
ആറുവർഷം. ഒമ്പതു രാജ്യാന്തര ടൂർണമെന്റുകൾ. അതിൽ രണ്ട് ഹോക്കി ലോകകപ്പ്. മറ്റൊന്ന് ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും ലോക ബാഡ്മിന്റൺ ടൂറും. ഐഎസ്എൽ, സന്തോഷ് ട്രോഫി, ഹോക്കി ലീഗ് ഉൾപ്പെടെ ദേശീയമത്സരങ്ങൾ വേറെയും. ‘ഇന്ത്യയുടെ കായികതലസ്ഥാനം’ എന്ന വിശേഷണത്തിൽ ഒഡിഷ വിസ്മയിപ്പിക്കുന്നു.
യൂറോപ്യൻ മാതൃകയിലുള്ള റസിഡൻഷ്യൽ ഹോസ്റ്റലുകളാണ് അടിസ്ഥാനം. ഒമ്പതുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഹോസ്റ്റൽ. ഭക്ഷണവും താമസവും പഠനവുമെല്ലാം ഇതിന്റെ ഭാഗം. ഹോക്കി, അത്ലറ്റിക്സ്, നീന്തൽ തുടങ്ങി 11 ഇനങ്ങളിൽ കേന്ദ്രീകരിച്ചുള്ള ഹോസ്റ്റലുകളാണ്. 15 ജില്ലകളിലായി ആകെ 16 റസിഡൻഷ്യൽ ഹോസ്റ്റലുകളുണ്ട്. ആദിവാസിമേഖലകളിൽ പ്രത്യേക ഹോസ്റ്റലുകളുമാണ്.
സ്റ്റേഡിയങ്ങൾ
ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിലെ ‘അഭിനവ് ബിന്ദ്ര ടാർഗറ്റിങ് പെർഫോമൻസ് സെന്റർ’ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര സ്ഥാപിച്ച അഞ്ച് കേന്ദ്രങ്ങളിലൊന്നാണ്. ഒഡിഷ സർക്കാരുമായി സഹകരിച്ചാണ് പ്രവർത്തനം. താരങ്ങളുടെ പരിക്ക് ഭേദപ്പെടുത്തുന്നതിനും കായികക്ഷമത നിലനിർത്തുന്നതിനുമാണ് പ്രാമുഖ്യം. ‘സാധാരണയായി ഒരു അത്ലീറ്റ് ഒരു പ്രകടനം കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാൻ 48 മണിക്കൂർ ആവശ്യമാണ്. എന്നാൽ, ഇവിടെ സാങ്കേതികസഹായത്തോടെ അത് നാലുമണിക്കൂർകൊണ്ട് ചെയ്യും. റിക്കവറി ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്’–- അഭിനവ് ബിന്ദ്ര ടാർഗറ്റിങ് പെർഫോമൻസ് സെന്റർ തലവൻ ഡോ. കാർത്തിക് ദോഷി പറയുന്നു.
പത്തുവർഷംമുമ്പ് കട്ടക്കിലെ ബാരാബതി സ്റ്റേഡിയംമാത്രമായിരുന്നു ഒഡിഷയിലെ പ്രധാന കായികവേദി. എന്നാൽ, ഇന്ന് കഥ മാറി. റൂർക്കലയിലെ ബിർസ മുണ്ട രാജ്യാന്തര സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമാണ്. ഭുവനേശ്വറിലെ കലിംഗ സ്പോർട്സ് കോംപ്ലക്സിൽ ഹോക്കി, ഫുട്ബോൾ, അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ടെന്നീസ്, വോളിബോൾ, നീന്തൽ മത്സരങ്ങളെല്ലാം നടക്കും. മല്ലയോദ്ധാക്കളാൽ പേരുകേട്ട പുരിയിൽ ഗുസ്തികേന്ദ്രം തുടങ്ങി. ഭാരോദ്വഹനത്തിൽ പ്രസിദ്ധിയാർജിച്ച ഗഞ്ജമിലും ബെർഹാംപുരിലും ഇതിനായുള്ള ഇൻഡോർ സ്റ്റേഡിയവും പണിതു.
ഹൈ പെർഫോമൻസ് കേന്ദ്രങ്ങൾ
രാജ്യത്തെ വൻകിട കമ്പനികളുമായി പങ്കാളിത്തമുണ്ടാക്കിയതാണ് പ്രധാന വഴിത്തിരിവായത്. കോർപറേറ്റുകളെയും ഫെഡറേഷനെയും താരങ്ങളെയും കോർത്തുള്ള പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ‘ഹൈ പെർഫോമൻസ് കേന്ദ്രങ്ങൾ’ തുടങ്ങി. സ്റ്റേഡിയം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഒരുക്കും. താരങ്ങൾക്കുള്ള കിറ്റുകൾ, താമസം, ഭക്ഷണം, വിദേശ പരിശീലകർ–- ഇവയ്ക്കെല്ലാം കമ്പനികൾ പണം നൽകും. സാമ്പത്തിക വേവലാതികളില്ലാതെ താരങ്ങൾക്ക് പ്രകടനത്തിൽ ശ്രദ്ധിക്കാൻ ഇത് ഇടയാക്കി. നിലവിൽ ടാറ്റ, ജെഎസ്ഡബ്ല്യു, റിലയൻസ് തുടങ്ങിയ കമ്പനികളെല്ലാം ഹൈ പെർഫോമൻസ് കേന്ദ്രത്തിന്റെ ഭാഗമാണ്.
കാഹളം മുഴങ്ങുന്നു
‘വിത്തുകൾ പാകിക്കഴിഞ്ഞു. ഇനി വിളവെടുപ്പിനുള്ള കാലമാണ്’–- ഒഡിഷ സ്പോർട്സ് ഡയറക്ടർ ആർ വിനയ്കൃഷ്ണ പറഞ്ഞതിങ്ങനെയാണ്. ഹോക്കിയെ കൂടാതെ ഫുട്ബോൾ, ബാഡ്മിന്റൺ, അമ്പെയ്ത്ത്, അത്ലറ്റിക്സ്, നീന്തൽ, റഗ്ബി തുടങ്ങിയ ഇനങ്ങളിൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ വാരുകയാണ് ഒഡിഷ. സർക്കാർ 2013ൽ ഇന്ത്യൻ ഹോക്കി ലീഗിൽ കലിംഗ ലാൻസേഴ്സ് എന്ന പേരിൽ ഫ്രാഞ്ചൈസി സ്വന്തമാക്കിയതാണ് വിശാലമാറ്റത്തിന്റെ തുടക്കം. പിന്നീട് ഫുട്ബോൾ, അത്ലറ്റിക്സ്, റഗ്ബി, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയ മേഖലകളിലേക്കും ശ്രദ്ധയൂന്നി. ഈവർഷത്തെ ബജറ്റിൽ 719 കോടി രൂപയാണ് കായികമേഖലയ്ക്കായി സർക്കാർ മാറ്റിവച്ചത്. 96 ഇൻഡോർ സ്റ്റേഡിയങ്ങളാണ് നിർമാണത്തിലുള്ളത്. ഇന്ത്യൻ പുരുഷ–-വനിതാ ഹോക്കി ടീമിന്റെയും ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീമിന്റെയും സ്പോൺസർമാരും ഒഡിഷ സർക്കാരാണ്.
.jpg)















