ദുബായ്
ഇന്ത്യൻ കായികരംഗത്ത് ഒരുതലമുറയ്ക്കാകെ പ്രചോദനമായി നിറഞ്ഞുനിന്ന ടെന്നീസ് താരം സാനിയ മിർസ കളിക്കളം വിട്ടു. ദുബായ് മാസ്റ്റേഴ്സ് ഓപ്പൺ ടെന്നീസിൽ തോൽവിയോടെയാണ് മടക്കം. വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ അമേരിക്കയുടെ മാഡിസൺ കീസുമൊത്ത് മുന്നേറാനായില്ല. റഷ്യയുടെ വെറോണിക്ക കുഡർമെറ്റൊവ–-ലുഡ്മില സാംസനോവ സഖ്യം 6–-4, 6–-0 സ്കോറിന് ജയിച്ചുകയറി. ഈ വേദിയിൽ സാനിയ രണ്ടുതവണ ഫൈനൽ കളിച്ചിട്ടുണ്ട്.
ദുബായ് ഓപ്പൺ അവസാനത്തേതാകുമെന്ന് മുപ്പത്താറുകാരി നേരത്തേ പ്രഖ്യാപിച്ചിരുന്നു. രണ്ടുപതിറ്റാണ്ടുനീണ്ട പ്രൊഫഷണൽ ടെന്നീസ് ജീവിതം ആസ്വദിച്ചെന്ന് സാനിയ പറഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണായിരുന്നു അവസാനത്തെ ഗ്രാൻഡ് സ്ലാം ടൂർണമെന്റ്. കഴിഞ്ഞമാസം നടന്ന ടൂർണമെന്റിൽ മിക്സഡ് ഡബിൾസ് ഫൈനലിൽ ബ്രസീലിയൻ ജോടിയായ ലൂയിസ സ്റ്റെഫാനി–-റാഫേൽ മറ്റോസിനോട് 6–-7, 2–-6ന് തോറ്റു. അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ കിരീടത്തോടെ വിടവാങ്ങാനുള്ള മോഹം സാധിച്ചില്ല. മെൽബണിലെ ഈ വേദിയിലാണ് 2005ൽ 18–-ാംവയസ്സിൽ അരങ്ങേറിയത്. അന്ന് മൂന്നാംറൗണ്ടിൽ സെറീന വില്യംസിനോട് തോറ്റ് മടങ്ങുകയായിരുന്നു.
ആറ് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ സ്വന്തമായുള്ള സാനിയ 91 ആഴ്ച ഡബിൾസിൽ ഒന്നാംറാങ്കുകാരിയായി. വിവിധ ടൂർണമെന്റുകളിലായി 43 ഡബിൾസ് കിരീടങ്ങൾ നേടി.
ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ
2009 –- ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ്
(മഹേഷ് ഭൂപതി, ഇന്ത്യ)
2012 –- ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ്
(മഹേഷ് ഭൂപതി)
2014 –- യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ്
(ബ്രൂണോ സോറസ്, ബ്രസീൽ)
2015 –- വിംബിൾഡൺ വനിതാ ഡബിൾസ്
(മാർട്ടിന ഹിംഗിസ്, സ്വിറ്റ്സർലൻഡ്)
2015 –- യുഎസ് ഓപ്പൺ വനിതാ ഡബിൾസ്
(മാർട്ടിന ഹിംഗിസ്)
2016 –- ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ്
(മാർട്ടിന ഹിംഗിസ്)
‘ഒരു തോൽവിയും ലോകാവസാനമല്ല’
തോൽവിയിൽ ഒരിക്കലും ഭയപ്പെടരുതെന്ന് സാനിയ മിർസ പറഞ്ഞു. അത് കളത്തിലായാലും, ജീവിതത്തിലായാലും. കൂടുതൽ കരുത്തോടെ തിരിച്ചുവരാനാണ് ശ്രമിക്കേണ്ടത്. ഒറ്റ തോൽവികൊണ്ട് ഒന്നും സംഭവിക്കുന്നില്ലെന്ന് തിരിച്ചറിയണം. എന്നാൽ, വിജയത്തിലേക്ക് മുന്നേറാനാകും.
കളിയിലെ തോൽവി മനസ്സിനെ ബാധിക്കുക സ്വാഭാവികമാണ്. അതിന്റെ ആഘാതം ഓരോ കളിയിലും വ്യത്യസ്തവുമായിരിക്കും. എന്നാൽ, അതിൽ സ്വയം തളച്ചിടാതെ പുറത്തുവരാൻ ശ്രമിക്കണം. എന്നാലേ വിജയത്തിലേക്ക് മുന്നേറാനാകൂ. ഒരു തോൽവിയും ലോകാവസാനമല്ലെന്ന തിരിച്ചറിവുണ്ടാകണം.ജീവിതത്തിൽ ടെന്നീസ് സുപ്രധാനമായിരുന്നു. പക്ഷേ, ജീവിതത്തിൽ ടെന്നീസ് മാത്രമാണ് എന്ന ചിന്ത ഉണ്ടായിട്ടില്ലെന്നും സാനിയ പറഞ്ഞു.















