കോഴിക്കോട്> ഗവ. മെഡിക്കല് കോളേജ് പരിസരത്ത് ആത്മഹത്യചെയ്ത ആദിവാസി യുവാവ് വിശ്വനാഥന് ആള്ക്കൂട്ട വിചാരണ നേരിടേണ്ടിവന്നതായി പൊലീസ് റിപ്പോര്ട്ട്. അപമാനിതനായതിനെ തുടര്ന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്നും റിപ്പോര്ട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് മെഡിക്കല് കോളേജ് അസി. കമീഷണര് കെ സുദര്ശനന് മനുഷ്യാവകാശ കമീഷന് അംഗം കെ ബൈജുനാഥിന് റിപ്പോര്ട്ട് കൈമാറി.
നിറംകൊണ്ടും രൂപംകൊണ്ടും ആദിവാസിയാണെന്ന് അറിഞ്ഞ് ബോധപൂര്വമാണ് വിശ്വനാഥനെതിരെ കുറ്റം ചുമത്തിയത്. ആള്ക്കൂട്ടം തടഞ്ഞുനിര്ത്തി ചോദ്യംചെയ്യുകയും സഞ്ചി പരിശോധിക്കുകയുംചെയ്തു. ഇതില് മാനസിക വിഷമമുണ്ടായാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനാല് പട്ടിക ജാതി–വര്ഗ പീഡന നിരോധന നിയമപ്രകാരം കേസ് ചുമത്തി. സിസിടിവി ദൃശ്യത്തില് കണ്ടവരെ ചോദ്യംചെയ്തതില് വിശ്വനാഥന് കരയുന്നത് കണ്ടതായി പറയുന്നു. അന്വേഷണ ഭാഗമായി സെക്യൂരിറ്റി ജീവനക്കാര്, കൂട്ടിരിപ്പുകള്, സിസിടിവി ദൃശ്യങ്ങളിലുള്ളവര് തുടങ്ങി നൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയതായും റിപ്പോര്ട്ടിലുണ്ട്.
കുടുംബം ഉന്നയിച്ച പരാതികളും അന്വേഷിക്കുന്നുണ്ട്. ആശുപത്രി പരിസരത്ത് ആളുകള് കൂട്ടംകൂടി നില്ക്കുന്ന ദൃശ്യങ്ങളുണ്ട്. അതേ സമയം പ്രതികളെ തിരിച്ചറിയാന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനായി സിസിടിവി ദൃശ്യങ്ങളില് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് പൊലീസ് കമീഷനെ അറിയിച്ചിട്ടുണ്ട്.















