ന്യൂഡൽഹി
രാജസ്ഥാനിലെ ഭരത്പുർ സ്വദേശികളായ മുസ്ലിം യുവാക്കളെ ബജ്റംഗദൾ ക്രിമിനലുകൾ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഹരിയാന പൊലീസിന്റെ വീഴ്ച അന്വേഷിക്കാൻ പ്രത്യേക അന്വേഷക സംഘം (എസ്ഐടി) രൂപീകരിച്ചു. ഫിറോസ്പുർ–- ജിർക്കാ കുറ്റാന്വേഷണ വിഭാഗത്തിന് (സിഐഎ) വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഭരത്പുരിലെ ഘട്ട്മീക സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ സ്വയംപ്രഖ്യാപിത ഗോസംരക്ഷകരായ ബജ്റംഗദളുകാരാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ഹരിയാനയിലെ ഭിവാനിയിൽനിന്നാണ് കണ്ടെത്തിയത്. മർദിച്ച് മൃതപ്രായരാക്കിയ ഇരുവരെയും ഹരിയാന പൊലീസിന് കൈമാറാൻ ശ്രമിച്ചിരുന്നെന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാളായ റിങ്കുസെയ്നി വെളിപ്പെടുത്തിയിരുന്നു. പൊലീസും ചേർന്നാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. അതേസമയം, രാജസ്ഥാൻ പൊലീസിന്റെ റെയ്ഡിനിടെ ആക്രമണത്തിന് ഇരയായി മരുമകളുടെ ഗർഭം അലസിയെന്ന് ഒളിവിലുള്ള പ്രതി ശ്രീകാന്ത് പണ്ഡിറ്റിന്റെ അമ്മ ആരോപിച്ചു. ഹരിയാന, രാജസ്ഥാൻ പൊലീസ് ശ്രീകാന്ത് പണ്ഡിറ്റിന്റെ വീട്ടിൽ ചെന്നെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ലെന്ന് രാജസ്ഥാൻ പൊലീസ് പറഞ്ഞു.
‘മോനു മനേസർ
എവിടെ?’
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബജ്റംഗദൾ നേതാവും ഗോസംരക്ഷക സംഘത്തിന്റെ നേതാവുമായ മോനു മനേസറിനെ ഇനിയും പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാണ്. മോനു മനേസറിന് പിന്തുണയുമായി വിഎച്ച്പിയും ബജ്റംഗദളും ശനിയാഴ്ച ഗുഡ്ഗാവിൽ പ്രകടനം നടത്തി. അഞ്ചുവർഷത്തിനിടെയാണ് ഹരിയാനയിലെ ഗോസംരക്ഷക സംഘങ്ങളുടെ പ്രധാന നേതാവായി മോനു മനേസർ ഉയർന്നുവന്നത്. അമിത് ഷാ, അനുരാഗ് താക്കൂർ തുടങ്ങിയ ബിജെപി നേതാക്കൾക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്തുവന്നു.















