ഭുവനേശ്വർ
സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടം നിലനിർത്താനിറങ്ങിയ കേരളത്തിന്റെ പുറത്താകൽ അപ്രതീക്ഷിതം. സെമിപോലും കാണാതെയാണ് മടക്കം. യോഗ്യതാ റൗണ്ടിൽ അഞ്ചും ജയിച്ച്, ഗോൾ വർഷിച്ച് ഫൈനൽ റൗണ്ടിന് ഒഡിഷയിലെ ഭുവനേശ്വറിൽ ഇറങ്ങിയ ടീമിന് തൊട്ടതെല്ലാം പിഴച്ചു. അഞ്ച് കളിയിൽ രണ്ട് ജയം, രണ്ട് സമനില, ഒരു തോൽവി. ആകെ എട്ട് പോയിന്റുമായി മൂന്നാംസ്ഥാനത്താണ് അവസാനിപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ 24 ഗോളടിച്ച ടീം ഇത്തവണ നേടിയത് ആകെ ഒമ്പതെണ്ണം. വഴങ്ങിയത് 8. ആദ്യഘട്ടത്തിൽ രണ്ടെണ്ണംമാത്രമായിരുന്നു സ്വന്തംവലയിൽ വീണത്.
എതിർ ഗോൾമുഖം വിറപ്പിക്കാൻ പാകത്തിലുള്ള മുന്നേറ്റക്കാരൻ ഇല്ലാതെ പോയത് പ്രധാന തിരിച്ചടിയായി. ബോക്സിൽ ഒട്ടേറെ അവസരം കിട്ടിയിട്ടും ലക്ഷ്യത്തിലേക്ക് പന്തയക്കാൻ പ്രാപ്തിയുള്ള ഗോളടിക്കാരൻ ടീമിലുണ്ടായില്ല. പഞ്ചാബിനെതിരെയും കർണാടകത്തിനെതിരെയുമെല്ലാം ഇത് ബാധിച്ചു. നിരോധിതമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് ഒഴിവാക്കിയ എം വിഘ്നേഷിന്റെ സ്ഥാനത്ത് അത്രയുംപോന്ന പകരക്കാരനും വന്നില്ല. മധ്യനിരയിൽ ഹൃഷിദത്തല്ലാതെ മറ്റാരും സ്ഥിരത കാട്ടിയില്ല. മുൻ പതിപ്പുകളിൽ മികച്ച മധ്യനിരയായിരുന്നു എന്നും കേരളത്തെ തുണച്ചത്. കഴിഞ്ഞവർഷം ജിജോ ജോസഫും അർജുൻ ജയരാജുമെല്ലാം നിറഞ്ഞുകളിച്ച സ്ഥാനത്ത് ഇത്തവണ അത്രയും കേമൻമാരായിരുന്നില്ല. മുന്നേറ്റത്തിന് പന്തെത്തിക്കുന്നതിൽ ഇത് തടസ്സമായി. പരിക്കും അലട്ടി. ആദ്യ പതിനൊന്നിൽ സ്ഥിരം കളിക്കുന്ന അഞ്ചോളം കളിക്കാർ പരിക്കിന്റെ പിടിയിലായതിനാൽ കളിയുടെ ഒഴുക്ക് ഇല്ലാതായി.
മറ്റ് ടീമുകളിൽനിന്ന് പഠിക്കാനേറെയുണ്ട്. സമ്മർദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് കേരളത്തിന് ഇനിയും അറിയില്ല. മഹാരാഷ്ട്രയ്ക്കെതിരെയും ഗോവയ്ക്കെതിരെയും ഒഴിച്ചുള്ള മറ്റ് മൂന്ന് കളിയിലും ടീം പതറി. ഗോൾ വഴങ്ങിയപ്പോൾ വിറയ്ക്കുന്ന കാഴ്ചയായിരുന്നു. ശാരീരികക്ഷമതയിലും എതിരാളിയെ അപേക്ഷിച്ച് പിന്നിലായതും പുറത്താകലിന് വഴിയൊരുക്കി. കേരള ടീം തിങ്കൾ രാത്രി ചെന്നൈയിലേക്ക് ട്രെയിൻവഴി പുറപ്പെട്ടു. നാളെ നാട്ടിലെത്തും.
















