കൽപ്പറ്റ > മാധ്യമപ്രവർത്തകന്റെ നേതൃത്വത്തിൽ അർധരാത്രി വീട്ടിൽകയറിയുള്ള ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. മുട്ടിൽ മാണ്ടാട് ആറ്റുപുറത്ത് വിജയനാ(52)ണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ മുൻ സ്റ്റാഫംഗവും ഏഷ്യാനെറ്റ് ന്യൂസ് മുൻ ചീഫ് റിപ്പോർട്ടറും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ മാണ്ടാട് ആറ്റുപുറത്ത് ശ്യാംകുമാർ, സഹോദരൻ സോമിൽ, അശോകൻ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർക്കുമെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു.
തിങ്കൾപുലർച്ചെ ഒന്നരയോടെയാണ് ശ്യാംകുമാറിന്റെ ബന്ധുവായ വിജയന്റെ വീട്ടിൽഅതിക്രമിച്ച് കയറി അഞ്ചംഗസംഘം ആക്രമണം നടത്തിയത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ വിജയന്റെ തലയിൽ 15 തുന്നലുണ്ട്. കൈകൾക്കും തോളെല്ലിനും നട്ടെല്ലിനും ചതവുണ്ട്. ബഹളംകേട്ടെത്തിയ സഹോദരങ്ങളായ രാധാകൃഷ്ണൻ, പ്രമോദ് എന്നിവരേയും ആക്രമിച്ചു അവർക്കും പരിക്കുണ്ട്. ഞായർ വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. വിജയന്റെ ഭാര്യയും സോമിലും തമ്മിൽവീടിനടുത്തുവച്ച് വാക്കേറ്റമുണ്ടായിരുന്നു.
പിന്നീട് ഇവിടെനിന്ന് മടങ്ങിയ സോമിലും അച്ഛനും രാത്രി എട്ടോടെ മടങ്ങിയെത്തി വിജയനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. പ്രമോദിന്റെ ഫോണിലേക്ക് വിളിച്ചും ശ്യാംകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇതിനുശേഷം തിങ്കൾ പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി ശ്യാംകുമാറും ഭാര്യാ സഹോദരനും ഉൾപ്പെടെയുള്ളവർ മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നെന്ന് വിജയൻ പറഞ്ഞു.