മലപ്പുറം> സഹകരണ മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിക്കും. സഹകരണ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ മലപ്പുറത്തുചേർന്ന പലിശനിർണയം സംബന്ധിച്ച ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശനിരക്കിലാണ് വർധന.
ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ പലിശ സഹകരണ ബാങ്കുകളിൽ ലഭ്യമാകും. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുമ്പ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. രണ്ടു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക്ക്ക് 0.5 ശതമാനവും അതിനുമുകളിലുള്ളതിന് 0.25 ശതമാനവുമാണ് വർധന. മലപ്പുറം ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി ജോയ് എംഎൽഎ, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്, കേരളബാങ്ക് സിഇഒ പി എസ് രാജൻ എന്നിവർ പങ്കെടുത്തു.
പുതുക്കിയ പലിശനിരക്ക്:
പ്രാഥമിക സംഘങ്ങളിൽ: 15 മുതൽ 45 ദിവസം വരെ 6 ശതമാനം. 46–-90 വരെ 6.50 ശതമാനം. 91–-179 വരെ 7 ശതമാനം. 180–- 364 വരെ 7.25. ഒന്നുമുതൽ രണ്ടു വർഷം വരെ 8.25 ശതമാനം. രണ്ടു വർഷത്തിൽ കൂടുതൽ 8 ശതമാനം.
കേരള ബാങ്കിൽ: 15 മുതൽ 45 ദിവസംവരെ 5.50 ശതമാനം. 46–-90വരെ 6 ശതമാനം. 91–- 179 വരെ 6.25 ശതമാനം. 180–- 364 വരെ 6.75 ശതമാനം. ഒന്നു മുതൽ രണ്ടു വർഷംവരെ 7.25 ശതമാനം. രണ്ടു വർഷത്തിൽ കൂടുതൽ 7 ശതമാനം.