ന്യൂഡൽഹി > വോട്ടെടുപ്പിന് അവസാനിച്ചതോടെ ബിജെപി നേതൃത്വത്തിൽ ആരംഭിച്ച അക്രമപരമ്പരയിൽ സിപിഐ എം പ്രവർത്തകൻ ദിലീപ് ശുക്ല ദാസ് കൊല്ലപ്പെട്ടതോടെ ത്രിപുരയിൽ ബിജെപിക്കെതിരെ ജനകീയ പ്രതിഷേധം ശക്തം. ഖൊവായ് ജില്ലയിലെ ദ്വാരകപുയിലാണ് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസും കൂട്ടാളികളും ശനിയാഴ്ച രാത്രി ദാസിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചുകൊന്നത്.
പ്രതികളെ സംരക്ഷിക്കാൻ കൊലപാതകത്തിൽ രാഷ്ട്രീയമില്ലന്ന് ആദ്യം പറഞ്ഞ ഡിജിപി , സിപിഐ എം രൂക്ഷവിമർശനവുമായി രംഗത്തെത്തിയതോടെ മാത്രമാണ് നിലപാട് മയപ്പെടുത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തു. അഗർത്തല ജിബി ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാൻ ഒരുങ്ങവേ പൊലീസ് വിലാപയാത്ര തടഞ്ഞത്.
വൻ സംഘർഷാവസ്ഥയിലേയ്ക്ക് നയിച്ചു. സംസ്ഥാന സെക്രട്ടറി ജിതേന്ദർ ചൗധരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മണിക്കൂറുകൾ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ സർക്ക്യൂട്ട് ഹൗസിൽ പൊതുദർശനം നടത്താൻ അനുമതി നൽകി. മുൻമുഖ്യമന്ത്രി മണിക് സർക്കാരടക്കമുള്ള നേതാക്കൾക്ക് ഇതിന് ശേഷമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ സാധിച്ചത്. ത്രിപുരയിലെമ്പാടും ബിജെപിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. ബാർബേറിയൻ ഭരണമാണ് ബിജെപിയുടേതെന്ന് ജിതേന്ദർ ചൗധരി കുറ്റപ്പെടുത്തി.
തെരെഞ്ഞെടുപ്പിൽ അട്ടിമറി നടത്താനാകാതെ വന്നതോടെ ബിജെപി അക്രമങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണെന്നും ചൗധരി പറഞ്ഞു. കൊലപാതകത്തെ അപലപിച്ച കോൺഗ്രസ് നേതാവ് സുദീപ് ബർമ്മൻ, എക്കാലവും സംരക്ഷിക്കാൻ നേതാക്കൾ ഉണ്ടാകില്ലന്ന് അക്രമം നടത്തുന്ന ബിജെപിക്കാർ ഓർക്കണമെന്ന് മുന്നറിയിപ്പ് നൽകി.സമാധാനം പുന:സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കിരൺ ഗിത്തേ, ആവശ്യമെങ്കിൽ ഫലപ്രഖ്യാപനത്തിന് ശേഷവും കേന്ദ്രസേന ത്രിപുരയിൽ തുടരുമെന്ന് വ്യക്തമാക്കി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രമസമാധാനനില വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു. അതിനിടെ തോൽവി ഭയന്ന് ബിജെപിക്കാർ വാഹനങ്ങളിൽ നിന്ന് താമര ചിഹ്നവും മോദിയുടെ ചിത്രവുമടക്കം മായ്ച്ച് തുടങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.