മുംബൈ> തെരഞ്ഞെടുപ്പ് കമീഷനെ പിരിച്ചുവിടണമെന്നും ജനങ്ങൾ നേരിട്ട് കമീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയുണ്ടാകണമെന്നും ഉദ്ദവ് താക്കറെ. ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും തെരഞ്ഞെടുപ്പ് കമീഷൻ ഷിൻഡെ പക്ഷത്തിന് നൽകിയതാണ് ഉദ്ദവിനെ ചൊടിപ്പിച്ചത്.
മഹാരാഷ്ട്രയിൽ ശിവസേന സർക്കാരിനെ അട്ടിമറിച്ച ഏക്നാഥ് ഷിൻഡെ പക്ഷം ജൂണിൽ ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചിരുന്നു. അന്നുമുതൽ യഥാർഥ ശിവസേന തങ്ങളാണെന്ന അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഇരുപക്ഷവും. ഷിൻഡെയെയും 15 വിമത എംഎൽഎമാരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെ പക്ഷം നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വിധിക്ക് കാത്തുനിൽക്കാതെ ചിഹ്നം ഒരുപക്ഷത്തിന് നൽകിയ തീരുമാനം ശരിയല്ലെന്നും ചിഹ്നവും പാർടി പേരും ഒരേ പക്ഷത്തിന് നൽകിയ മുൻ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.