ദുബായ്> കണ്ണൂർ തലശ്ശേരി സ്വദേശിയും എഴുത്തുകാരി സിതാരയുടെ ഭർത്താവുമായ ഒ.വി അബ്ദുൽ ഫഹീം ദുബായിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. ദുബായിലെ അൽമറായി കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ഫഹീം. ഇതിനുമുമ്പ് ജിദ്ദയിൽ കൊക്കകോള കമ്പനിയിലെ ജോലിക്കാരൻ ആയിരുന്നു. ജിദ്ദയിലെ തലശ്ശേരി ക്രിക്കറ്റ് ഫോറം മുൻ പ്രസിഡൻറ് കൂടിയായിരുന്നു ഫഹീം.ശനിയാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അദ്ദേഹത്തെ ദുബായ് സിലിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സിത്താരയും മക്കളും 10 ദിവസങ്ങൾക്കു മുൻപാണ് ദുബായിൽ എത്തിയത്. രണ്ടുദിവസങ്ങൾക്കുള്ളിൽ മടങ്ങി പോകാൻ നിൽക്കുമ്പോഴായിരുന്നു ഭർത്താവിന്റെ മരണം സംഭവിച്ചത്. പാറയിൽ അബൂട്ടിയുടെയും ഒ. വി സാബിറയുടെയും മകനായ ഫഹീമിന് രണ്ടു മക്കളും മൂന്ന് സഹോദരങ്ങളുമാണ് ഉള്ളത്. മൃതദേഹം ദുബായിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.