കൊച്ചി
ഓൺലൈൻ വിപണിയിൽ പുതിയ ചുവടുവയ്പിന് കുടുംബശ്രീ. ഇനിമുതൽ ഇ–-കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്വർക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) വഴി കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാകും. നിലവിൽ ആമസോണിലും ഫ്ലിപ്കാർട്ടിലും കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനുപുറമെയാണിത്.
ഓൺലൈൻ വിപണി പൊതുശൃംഖലയുടെ ഭാഗമാക്കാനുള്ള പദ്ധതിയാണ് ഒഎൻഡിസി. ഒഎൻഡിസിയിൽ രജിസ്റ്റർ ചെയ്താൽ ഓൺലൈൻ വിൽപ്പനയ്ക്കുള്ള മറ്റു പ്ലാറ്റ്ഫോമുകളിലും കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭിക്കും. മീഷോ, മൈ സ്റ്റോർ മുതലായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഒഎൻഡിസിയിലുണ്ട്. ഒരു പ്ലാറ്റ്ഫോമിൽമാത്രം കേന്ദ്രീകരിക്കാതെ ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമാകും. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണിത്.
നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനിൽ (എൻആർഎൽഎം) കേന്ദ്രസർക്കാരിന്റെകൂടി പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 150 ഉൽപ്പന്നങ്ങളുമായി മാർച്ച് ആദ്യം പദ്ധതി ആരംഭിക്കും. കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന ഭക്ഷ്യ–-ആയുർവേദ ഉൽപ്പന്നങ്ങൾ, കറി പൗഡർ, അട്ടപ്പാടിയിൽനിന്നുള്ള കാപ്പിപ്പൊടി തുടങ്ങിയവയാണ് വിൽക്കുക. ഓൺലൈൻ വിപണി കാര്യക്ഷമമാക്കാൻ പ്രവർത്തകർക്ക് പ്രത്യേക പരിശീലനവും നൽകും.
കുടുംബശ്രീ ബസാർ ഡോട്ട് കോമിലൂടെയാണ് ഓൺലൈൻ വിപണിയിലേക്കുള്ള കുടുംബശ്രീയുടെ വരവ്. എന്നാൽ, വെബ്സൈറ്റ് രണ്ടുവർഷമായി പ്രവർത്തനക്ഷമമല്ല. ആമസോണിൽ കുടുംബശ്രീയുടെ 635 ഉൽപ്പന്നങ്ങളും ഫ്ലിപ്കാർട്ടിൽ 60 ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്. നിലവിൽ ഓർഡർ കിട്ടുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിവിധ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തെത്തിച്ച് അയക്കുകയാണ് ചെയ്യുന്നത്. ഒരു ജില്ലയിൽ നിർമിക്കുന്ന ഉൽപ്പന്നം അവിടെനിന്നുതന്നെ ഉപഭോക്താക്കൾക്ക് അയക്കാനുള്ള സംവിധാനവും ഒരുക്കും.