ന്യൂഡൽഹി
ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് സംഘപരിവാർ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്ന ജുനൈദിന്റെയും നസീറിന്റെയും ബന്ധുക്കളെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഐ എം പ്രതിനിധി സംഘം സന്ദർശിച്ചു. ജുനൈദിന്റെ സഹോദരപുത്രിയുടെ വിവാഹ ആലോചനയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് സംഘപരിവാർ സംഘടനയായ ബജ്രംഗ്ദളിന്റെ പ്രവർത്തകർ ചുട്ടുകൊന്നതെന്ന് ബന്ധുക്കൾ നേതാക്കളോട് പറഞ്ഞു.
രാജസ്ഥാനിലെ മേവാത്ത് മേഖലയിൽ ഘട്ചിക ഗ്രാമവാസികളായ ജുനൈദ് കർഷകത്തൊഴിലാളിയും നസീർ ട്രക്ക് ഡ്രൈവറുമാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ഘട്ചിക പലപ്പോഴും പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘപരിവാർ ക്രിമിനലുകളുടെ ലക്ഷ്യകേന്ദ്രമാണ്. രാജസ്ഥാനിൽ ബിജെപി ഭരണകാലത്ത് ജുനൈദിനെതിരെ പശുക്കടത്ത് ആരോപിച്ച് കള്ളക്കേസ് എടുത്തിരുന്നു. 2017ൽ പശുക്കടത്ത് ആരോപിച്ച് സംഘപരിവാർ സംഘം വെടിവച്ചുകൊന്ന ഉമർഖാനും ഘട്ചിക സ്വദേശിയാണ്. ഉമൻഖാന്റെ കൊലപാതകക്കേസ് എങ്ങുമെത്തിയിട്ടില്ല.
കൊലപാതക കേസിൽ രാജസ്ഥാൻ സർക്കാർ കർശന നടപടിയെടുക്കണമെന്ന് സിപിഐ എം പ്രതിനിധിസംഘം ആവശ്യപ്പെട്ടു. 50 ലക്ഷംരൂപവീതം നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകണം. കേസിലെ മുഖ്യപ്രതിയായ മൊഹിത് യാദവ് എന്ന മോനുമനേസർ ഹരിയാന പൊലീസിന്റെ തണലിൽ ‘പശുസംരക്ഷണ’ത്തിൽ ഏർപ്പെടുന്നയാളാണെന്ന് സിപിഐ എം നേതാക്കൾ ചൂണ്ടിക്കാട്ടി.
കേന്ദ്ര കമ്മിറ്റിയംഗം അമ്രാറാം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സുമിത്ര ചോപ്ര, ഡോ. സഞ്ജയ് മാധവ് എന്നിവരും കൂടെയുണ്ടായിരുന്നു.