തിരുവനന്തപുരം
തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം പദ്ധതിതന്നെ ഇല്ലാതാക്കാൻ. 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കുന്ന നിലയിൽ ഘടന മാറ്റുമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി പ്രഖ്യാപിച്ചത്. ഇതു നടപ്പായാൽ രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാകും. വർഷം 1400 കോടിയിലധികം രൂപ സംസ്ഥാനം കണ്ടെത്തേണ്ടി വരും. പദ്ധതിക്കുള്ള ബജറ്റ് വിഹിതം 30,000 കോടിയോളം രൂപ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് പദ്ധതിയെ ഇല്ലാതാക്കാനുള്ള കേന്ദ്രശ്രമം.
നിലവിൽ 100 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയാണ് തൊഴിലുറപ്പ്. മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു സമാനമായി 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന നിലയിലേക്ക് മാറ്റാനാണ് നീക്കം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4000 കോടി രൂപയാണ് പദ്ധതിപ്രകാരം ചെലവഴിച്ചത്. 10.38 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. ഇതിൽ സാധനസാമഗ്രികളുടെ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം ചെലവഴിച്ചത്. ഇത് ഏകദേശം 250 കോടിയാണ്. നഗരങ്ങളിൽ നടപ്പാക്കുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ പൂർണ ചെലവ് നിലവിൽ കേരളമാണ് വഹിക്കുന്നത്.
പദ്ധതിയെ തകർക്കാൻ നേരത്തെതന്നെ കേന്ദ്രം ശ്രമം ആരംഭിച്ചിരുന്നു. പഞ്ചായത്തിന് ഒരേസമയം 20 പ്രവൃത്തിയെന്ന നിയന്ത്രണം കൊണ്ടുവന്നു. കേരളത്തിന്റെ നിരന്തര സമ്മർദത്തിനൊടുവിലാണ് ഇത് 50 ആയി വർധിപ്പിച്ചത്. പദ്ധതിക്കായി തയ്യാറാക്കിയ എൻഎംഎംഎസ് ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങളും പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ആപ് പ്രവർത്തനക്ഷമമല്ലാതാകുന്നതിനാൽ തൊഴിലാളികൾക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. സാമഗ്രികളുടെ തുക, ഭരണച്ചെലവ് എന്നിവ കൃത്യസമയത്ത് ലഭ്യമാകാത്തതും മറ്റു നിബന്ധനകളും പദ്ധതി നിർവഹണത്തിന് തടസ്സമായിട്ടുണ്ട്. പദ്ധതിക്ക് 2021-–- 22ൽ 98,468 കോടിയും 2022-–-23ൽ 89,400 കോടിയും വകയിരുത്തിയ സ്ഥാനത്ത് ഈ വർഷത്തെ ബജറ്റിൽ 60,000 കോടി മാത്രമാണ് വകയിരുത്തിയത്.