കാസർകോട്
അതിരുകൾ മായ്ക്കുന്ന സാഹോദര്യത്തിന്റെ കർമഭൂവിൽനിന്ന്, സപ്തഭാഷാ സംഗമഭൂവിൽനിന്ന്, പുതിയ വികസന തേരോട്ടങ്ങൾക്കൊപ്പം മറ്റൊരു രാഷ്ട്രീയ ജാഥയ്ക്കുകൂടി തുടക്കമാകുന്നു. അത്യുത്തര ദേശത്ത് ദേശീയപാതയുടെ ഓരത്ത്, കുമ്പളയിൽ നിന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തിങ്കൾ വൈകിട്ട് നാലിന് പ്രയാണമാരംഭിക്കുന്നത്.പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയിൽ തെളിഞ്ഞ വികസനവും അതിന്റെ ജനപക്ഷ രാഷ്ട്രീയവും ഉച്ചത്തിൽ പ്രഖ്യാപിച്ചാണ് ജാഥ മുന്നേറുക. കേരളം ദേശീയപാതാ വികസനത്തിൽ കാണിച്ച മാതൃകയും ജാഥയിൽ ചർച്ചയാകും. മഞ്ചേശ്വരം തലപ്പാടി മുതൽ കാസർകോട് വരെ മുപ്പത് ശതമാനത്തോളം പാത നിർമാണം പൂർത്തിയായി. 25 ശതമാനം അധിക വിഹിതം നൽകി .
പതിനായിരംപേർ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർടി പതാക എം വി ഗോവിന്ദന് കൈമാറും. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്. രണ്ടാം ദിനം വിവിധ മേഖലയിലെ പ്രമുഖരുമായി ജാഥാ ക്യാപ്റ്റൻ സംവദിക്കും. സർക്കാരിന്റെ വികസനത്തുടർച്ച, പരാതികൾ, പരിഹാര നിർദേശങ്ങൾ എല്ലാം ചർച്ചയാകും.
വിപുലമായ സംഘാടക സമിതി രൂപീകരിച്ചാണ് സ്വീകരണം. ഓരോ കേന്ദ്രത്തിലും അതതിടത്തെ കലാകാരന്മാർ സ്വീകരണത്തിന് മുമ്പും ശേഷവും കലാപരിപാടികൾ അവതരിപ്പിക്കും.
ജാഥാംഗങ്ങളെ ചുവപ്പുസേനാ വളന്റിയർമാർ ഗാഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. ഇത്തവണ വനിത, പുരുഷ വളന്റിയർമാർക്ക് ഒരേ വേഷമാണ്. ജാഥ തുടങ്ങുന്ന സ്ഥലത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും മറ്റിടങ്ങളിൽ അതത് സംഘാടക സമിതിയും ഗാർഡ് ഓഫ് ഓണർ നൽകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.