തിരുവനന്തപുരം
റിസർവ് ബാങ്കിന്റെ സത്യവാങ്മൂലത്തോടെ പുറത്തുവന്നത് കിഫ്ബിയെ തകർക്കാനുള്ള ഇഡി ഗൂഢാലോചന. കേരളത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്ന കേന്ദ്ര സർക്കാർ വികസനരംഗത്ത് കരുത്ത് പകരുന്ന കിഫ്ബിയെയും തകർക്കുകയാണ്. കേന്ദ്ര ധനമന്ത്രാലയത്തിന്റെയും 2020ൽ ഇഡിയുടെയും കത്തുകൾക്ക് ആർബിഐ നൽകിയ മറുപടിയിൽ കിഫ്ബി ഇടപാടുകൾ നിയമപരവും കൃത്യമായ കണക്കുള്ളതും സുതാര്യവുമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കോടതികൾ വഴിയും വാർത്തകൾ വഴിയും കിഫ്ബിയെയും എൽഡിഎഫ് സർക്കാരിനെയും സംശയനിഴലിൽ നിർത്തുകയാണ് ഇഡിയുടെ ലക്ഷ്യം. അതിനായി കേസുകൾ അനന്തമായി നീട്ടണം. ധനമന്ത്രാലയത്തിനും ഇഡിക്കും കൊടുത്ത മറുപടിയിലുള്ള അതേ കാര്യങ്ങൾ ആർബിഐക്ക് കോടതിയിൽ സത്യവാങ്മൂലമായി ഹാജരാക്കാൻ അഞ്ചുമാസം വേണ്ടിവന്നു.
കിഫ്ബിക്കെതിരെ കൊണ്ടുവന്ന വാറോലകളെല്ലാം ഓലപ്പടക്കങ്ങളായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥർക്ക് സ്വന്തം ഓഫീസിലിരുന്നു ചെയ്യാവുന്ന പരിശോധന വൻ സന്നാഹത്തോടെ കിഫ്ബി ഓഫീസ് വളഞ്ഞ് റെയ്ഡ് നടത്തി. തുടർന്ന് മസാലബോണ്ട് നിയമപരമല്ലെന്ന് ഇഡിയുടെ കേസ്. ചട്ട പ്രകാരമാണ് മസാലബോണ്ടു വഴി പണം സമാഹരിച്ചതെന്നും വായ്പാ രജിസ്ട്രേഷൻ നമ്പർ അനുവദിച്ചിട്ടുണ്ടെന്നും പണവിനിയോഗ കണക്ക് കൃത്യമായി നൽകുന്നുണ്ടെന്നും ആർബിഐ സത്യവാങ്മൂലം നൽകി.
ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന് തുടർച്ചയായി നോട്ടീസ് അയച്ചതും കേസ് ലൈവായി നിർത്താനായിരുന്നു. നോട്ടീസയക്കുക, വിളിച്ചുവരുത്തി നിരന്തരമായി ചോദ്യം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. നാളിതുവരെയുള്ള എല്ലാ കണക്കുമായി തോമസ് ഐസക് ഹാജരാകണമെന്നായിരുന്നു നോട്ടീസ്. ഹൈക്കോടതി ആദ്യമേ ആ വഴി അടച്ചു. കിഫ്ബിയെപ്പോലെ വായ്പ സ്വീകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ മറ്റു സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഇഡി ഇനിയും ഉത്തരം നൽകിയിട്ടില്ല.
ഇഡി ക്യാപ്സൂൾ ‘മധുരതരം’!
ഇല്ലാത്ത ‘ക്യാപ്സൂളി’ന്റെ പേരിൽ സിപിഐ എമ്മിനെ നിരന്തരം ആക്ഷേപിക്കുന്ന മാധ്യമങ്ങൾക്കും നിരീക്ഷകർക്കും ഇഡി ദിവസവും രാവിലെ നൽകുന്ന ക്യാപ്സൂളുകൾ ‘മധുരതരം’. ഇതുമായി ബന്ധിപ്പിച്ച് വസ്തുതയുമായി ബന്ധമില്ലാത്ത അപസർപ്പക കഥകളാണ് ദിവസവും മാധ്യമങ്ങൾ മെനയുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പുവേളകളിൽ തിരിച്ചും മറിച്ചും പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ഒരുകാര്യവും പുതുതായില്ല. പക്ഷേ, അവ പുതിയതെന്ന രൂപത്തിൽ ഇഡി നൽകുമ്പോൾ പലരും എക്സ്ക്ലൂസീവ് വാർത്തയായാണ് അവതരിപ്പിക്കുന്നത്. എട്ടു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പ്രതികളടക്കം മറ്റു ചിലരുമായി നടത്തിയ ചാറ്റുകളിലെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഓരോന്നായി ഇഡി മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നു. അവ ലൈവായി കാണിച്ച് കഥകൾ മെനയുന്നു. ഒരു കള്ളക്കഥ പൊളിയുമ്പോൾ മറ്റൊന്നുമായി രണ്ടാം പ്രതിയായ സ്വപ്ന മാധ്യമങ്ങൾക്കു മുന്നിലെത്തുന്നു. സിപിഐ എം നേതാക്കളുടെ മുന്നിൽ ചോദ്യങ്ങളുടെ കെട്ടഴിക്കുന്ന മാധ്യമ പ്രവർത്തകർ സ്വപ്നയുടെ മുന്നിലെത്തുമ്പോൾ മൗനംപാലിച്ച് കള്ളക്കഥകൾ ജനങ്ങളുടെ മുന്നിൽ വയ്ക്കുന്നു.