അഹമ്മദാബാദ്
നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തോടെ ഐപിഎൽ ക്രിക്കറ്റ് പുതിയ സീസണിന് തുടക്കമാകും. മാർച്ച് 31ന് അഹമ്മദാബാദിലാണ് കളി. ഫൈനലും അഹമ്മദാബാദിലാണ്. മെയ് ഇരുപത്തെട്ടിനാണ് കിരീടപ്പോരാട്ടം.
മാർച്ച് 31 മുതൽ മെയ് 21 വരെയുള്ള ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണ് നടക്കുക. ഇരുപാദങ്ങളായാണ് കളി. ടീമുകൾക്ക് സ്വന്തം തട്ടകത്തിലും എതിർത്തട്ടകത്തിലും കളിയുണ്ടാകും. രാജ്യത്തെ 12 നഗരങ്ങളിലായാണ് ടൂർണമെന്റ്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, കൊൽക്കത്ത, ലഖ്നൗ, ഡൽഹി, അഹമ്മദാബാദ്, ജയ്പുർ, മൊഹാലി, ഗുവാഹത്തി, ധർമശാല എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ആകെ 10 ടീമുകൾ. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ്. മാർച്ച് ഇരുപത്താറിനാണ് വനിതാ ഐപിഎല്ലിന് തുടക്കമാകുന്നത്.















