ബാഴ്സലോണ
യൂറോപ ലീഗ് പ്ലേ ഓഫ് ആദ്യപാദത്തിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ഇരട്ടഗോളടിച്ച് പിരിഞ്ഞു (2–-2). നൗകാമ്പിലെ ആവേശകരമായ പോരാട്ടത്തിൽ റഫീന്യയുടെ ഗോളിലാണ് ബാഴ്സ സമനില പിടിച്ചെടുത്തത്. എന്നാൽ, സ്വന്തം തട്ടകത്തിലെ സമനില ബാഴ്സയ്ക്ക് അത്ര ആശ്വാസം നൽകുന്നില്ല. 23ന് യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രഫോർഡിലാണ് രണ്ടാംപാദം.
മാർകോസ് അലോൺസോയുടെ ഗോളിൽ ലീഡ് നേടിയ ബാഴ്സയെ, തുടർന്ന് യുണൈറ്റഡ് ഞെട്ടിക്കുകയായിരുന്നു. 10 മിനിറ്റിന്റെ ഇടവേളയിൽ രണ്ടെണ്ണം അവർ മടക്കി. മാർകസ് റാഷ്ഫഡായിരുന്നു സൂത്രധാരനും ഗോളടിക്കാരനും. തകർപ്പൻ നീക്കവുമായി യുണൈറ്റഡിനെ ഒപ്പമെത്തിച്ച റാഷ്ഫഡ് രണ്ടാംഗോളിന് വഴിയൊരുക്കി. ഈ ഇംഗ്ലീഷുകാരന്റെ ക്രോസ് തടയാനുള്ള നീക്കത്തിനിടെ ബാഴ്സ പ്രതിരോധക്കാരൻ ജൂലസ് കൗണ്ടെയുടെ ദേഹത്തുതട്ടി സ്വന്തംവലയിൽ വീണു.
ഈ ലീഡിൽ യുണൈറ്റഡ് നിർണായക ജയംകുറിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു റഫീന്യയുടെ സുന്ദരഗോൾ പിറന്നത്. ബ്രസീലുകാരന്റെ ക്രോസ് യുണൈറ്റഡിലേക്ക് വളഞ്ഞിറങ്ങി.
അതിനിടെ യുവതാരങ്ങളായ പെഡ്രിക്കും ഗാവിക്കും ബാഴ്സയുടെ അടുത്ത കളിയിൽ കളിക്കാൻ കഴിയില്ല. പെഡ്രിക്ക് പരിക്കാണ്. തുടർച്ചയായ രണ്ട് കളികളിൽ മഞ്ഞക്കാർഡ് കണ്ട ഗാവിക്ക് സസ്പെൻഷനുമാണ്.















