കോഴിക്കോട്
ആർഎസ്എസുമായുള്ള രഹസ്യചർച്ച പുറത്തായതോടെ സമുദായത്തിൽ ഒറ്റപ്പെട്ട് ജമാഅത്തെ ഇസ്ലാമി. കൂടിക്കാഴ്ച്ച തുടക്കത്തിൽ നിഷേധിച്ച ജമാഅത്തെ ഭാരവാഹികൾ ആർഎസ്എസ് നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചതോടെ മലക്കം മറിഞ്ഞു. ബൗദ്ധിക ചർച്ചയാണ് നടന്നതെന്നാണ് ഇപ്പോഴത്തെ വിശദീകരണം. രാജ്യത്ത് മുസ്ലിംവേട്ട രൂക്ഷമാവുന്ന ഘട്ടത്തിൽ ആർഎസ്എസുമായി എന്ത് വിഷയമാണ് ചർച്ച ചെയ്തതെന്ന ചോദ്യമാണ് മുസ്ലിം സംഘടനകൾ ഉയർത്തുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. മുസ്ലിം സമുദായത്തിനിടയിൽ ചെറു ന്യൂനപക്ഷങ്ങളുടെ മാത്രം പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമി മുസ്ലിങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ എങ്ങനെയാണ് തീർപ്പുകൽപ്പിക്കുക എന്നചോദ്യം സമസ്ത ഉയർത്തുന്നു. ആർഎസ്എസുമായി ചർച്ച നടത്താൻ ജമാഅത്തെക്ക് സ്വന്തം താൽപ്പര്യമുണ്ടായിരിക്കാമെന്നായിരുന്നു കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനിയുടെ പ്രതികരണം. അപകടം തിരിച്ചറിഞ്ഞ് മുസ്ലിംലീഗും തള്ളിപ്പറഞ്ഞു. ആർഎസ്എസുമായി ചർച്ച നടത്തേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ജനുവരി 14ന് ഡൽഹിയിലായിരുന്നു ജമാഅത്തെ–- ആർഎസ്എസ് ചർച്ച. ആർഎസ്എസ് സഹ സർ കാര്യവാഹക് ഗോപാൽകൃഷ്ണ പങ്കെടുത്തതായും ദേശീയ നിർവാഹകസമിതി അംഗം ഇന്ദ്രേഷ്കുമാർ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാശി, മഥുര പള്ളി വിഷയം യോഗത്തിൽ ഉന്നയിച്ചതായും പശുവിനെ അറുത്ത് ഭക്ഷിക്കുന്നത് ഒഴിവാക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചതായും ഇന്ദ്രേഷ്കുമാർ പറയുന്നു.
‘ആർഎസ്എസിനെ ഇസ്ലാം എന്തെന്ന് പഠിപ്പിച്ചത് ജമാഅത്തെ’
ആർഎസ്എസിനെ യഥാർഥ ഇസ്ലാം എന്താണെന്ന് പഠിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്ന് ഒ അബ്ദുറഹ്മാൻ. ജമാഅത്തെ മുഖപത്രമായ ‘മാധ്യമ’ത്തിലെ എഡിറ്റ് പേജിൽ എ ആർ എന്ന പേരിൽ എഴുതിയ ലേഖനത്തിലാണ് പരാമർശം. ആർഎസ്എസുമായി പണ്ടുമുതലേ ചർച്ചനടത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് ലേഖനം ശ്രമിക്കുന്നത്. അടിയന്തരാവസ്ഥയിൽ സംഘടന നിരോധിക്കപ്പെട്ട ഘട്ടത്തിൽ ആർഎസ്എസ് നേതാക്കളുമായി ജയിലിൽ സംവാദം നടത്തി. ‘തനിക്ക് യാഥാർഥ ഇസ്ലാമിനെ പരിചയപ്പെടുത്തിയത് ജമാഅത്തെ ഇസ്ലാമിയാണെന്ന്’ ആർഎസ്എസ് സർസംഘ ചാലക് കെ എസ് സുദർശൻ പറഞ്ഞതായും ലേഖനം അവകാശപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന സംഘടനയുമായി സംസാരിക്കാനില്ലെന്ന സമീപനം ജമാഅത്തെക്കില്ലെന്നും വ്യക്തമാക്കുന്നു.
പിരിച്ചുവിടണമെന്ന് സമസ്ത
ജമാഅത്തെ ഇസ്ലാമി പിരിച്ചുവിടണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ആർഎസ്എസിന്റെ പീഡനം സഹിക്കുന്ന മുസ്ലീങ്ങൾ ഒരു വശത്ത് നിൽക്കുമ്പോൾ ജമാഅത്തെ ഇസ്ലാമി അവരുമായി ചർച്ച നടത്തുന്നത് സമുദായത്തിന്റെ താൽപ്പര്യത്തിനല്ല, സ്വന്തം കാര്യത്തിനാണ്. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നവരുമായി രഹസ്യചർച്ച നടത്തേണ്ട കാര്യമെന്തെന്ന് നേതൃത്വം വ്യക്തമാക്കണം. ആർഎസ്എസിനെ പേടിച്ചാണ് ചർച്ച. ജമാഅത്തെ നിയന്ത്രണത്തിലുള്ള ചാനൽ പൂട്ടിച്ചത് അവരുടെ ഓർമയിലുണ്ട്. പേടിയുമായി കഴിയുന്നതിന് പകരം സംഘടന പിരിച്ചുവിട്ട് മുസ്ലിം സമുദായത്തിന്റെ കൂട്ടായ്മയിൽ ലയിക്കുന്നതാണ് നല്ലത്. മുസ്ലിം സമുദായത്തിന്റെ ഒന്നാകെയുള്ള അവകാശവുമായി ആരുടെ മുന്നിലും ചർച്ചയ്ക്ക് പോകാനും അടിയറവു പറയാനും മുതിരേണ്ടന്നും സ്വകാര്യ ചാനൽ അഭിമുഖത്തിൽ ഉമർ ഫൈസി പറഞ്ഞു.
നടപടി പരിഹാസ്യം
ജമാഅത്തെ ഇസ്ലാമിയുടെ നടപടി പരിഹാസ്യമെന്ന് മുജാഹിദ് വിഭാഗം പ്രതികരിച്ചു. ഇരു സംഘടനകളും പരസ്പരം പോഷിപ്പിച്ച് വളരുകയാണെന്നും കപടമുഖം തിരിച്ചറിയണമെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി അബ്ദുൾ മജീദ് സ്വലാഹി പറഞ്ഞു. ഇവർ തമ്മിൽ വലിയ ബന്ധമാണുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. ഉള്ളിൽ ഒന്ന് ഒതുക്കിവച്ച് പുറമെ മറ്റൊന്ന് പറയുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ശൈലി. ആർഎസ്എസുമായി എന്ത് ചർച്ചയാണ് നടത്തിയതെന്നും എന്ത് ഫലമാണ് പ്രതീക്ഷിക്കുന്നതെന്നും അവർ വ്യക്തമാക്കണം. ആർഎസ്എസിന്റെ ആലയത്തിൽ തലയിൽ മുണ്ടിട്ടുപോയി ജമാഅത്തെ ഇസ്ലാമി അഭിമാനം പണയംവച്ചെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന് കീഴടങ്ങുന്നതായി തോന്നിയാൽ തെറ്റില്ലെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. വിഷയാധിഷ്ഠിത ചർച്ചക്ക് ആർഎസ്എസ് നേതാവിനെയല്ല പ്രധാനമന്ത്രിയെയാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.