തിരുവനന്തപുരം
വിവാദങ്ങൾക്കിടെയും സ്വന്തമായി ഒരു വീടെന്ന ജനലക്ഷങ്ങളുടെ സ്വപ്നത്തിന് വെളിച്ചം പകരുകയാണ് ലൈഫ് മിഷൻ. പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും തുടർച്ചയായി സംഘടിതാക്രമണം നടത്തിയിട്ടും അണയാതെ ജനങ്ങളുടെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി ലൈഫ്.
വീടില്ലാത്തവരുടെ പ്രതീക്ഷയും ആശ്രയവുമായ ലൈഫിനെ തകർക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജനപ്രിയ പദ്ധതിയെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ പുതിയതല്ല. വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയത്തിന്റെ പേരിൽ സൃഷ്ടിച്ച വ്യാജപ്രചാരണങ്ങളും കോൺഗ്രസ്, ബിജെപി നേതാക്കളുടെ ഗൂഢാലോചനയും ഇതിനകം പുറത്തുവന്നതാണ്. വിവാദങ്ങൾ കൊഴുപ്പിക്കാൻ മാധ്യമങ്ങൾ കൂട്ടുനിന്നപ്പോഴും പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോയി സംസ്ഥാന സർക്കാർ. ലൈഫ് മിഷന്റെ ഭാഗമായി 2023-–-24ൽ 71,861 വീടും 30 ഭവന സമുച്ചയവും നിർമിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി 1436.26 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ നീക്കിവച്ചത്. ലൈഫ് മിഷൻ മുഖേന ഇതുവരെ സംസ്ഥാനത്ത് 3,22,922 വീട് പൂർത്തീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നടത്താനും സുരക്ഷിതമായ വീടുകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. മെച്ചപ്പെട്ട ഭവനത്തോടൊപ്പം ഉപജീവനമാർഗം ശക്തിപ്പെടുത്താൻ ഉതകുന്ന സംവിധാനങ്ങളും ലൈഫിന്റെ ഭാഗമാണ്.
വിജിലൻസിന് രേഖകൾ നൽകാതെ കേന്ദ്ര ഏജൻസി
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുന്നതിന് വിലങ്ങുതടിയാകുന്നത് കേന്ദ്ര ഏജൻസികളുടെ നിസ്സഹകരണം. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ നൽകാൻ സിബിഐ തയ്യാറാകുന്നില്ല. ഈ രേഖകൾ കോടതി മുഖാന്തരം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് വിജിലൻസ്. കേസന്വേഷണത്തിലുണ്ടാകുന്ന താമസം സർക്കാരിനെതിരെ തിരിച്ചുവിടാനാണ് കേന്ദ്ര ഏജൻസികളുടെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ശ്രമം.
വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റ് നിർമിച്ചുനൽകുന്ന ഫ്ലാറ്റിന്റെ ഇടപാടുകളിൽ എം ശിവശങ്കറിന്റെ പേര് വന്നതോടെയാണ് അന്വേഷണം വിജിലൻസ് ഏറ്റെടുത്തത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ സിബിഐ കൈക്കലാക്കിയത്. വൈരുധ്യങ്ങൾ നിറഞ്ഞ സ്വപ്നയുടെ മൊഴിമാത്രം അടിസ്ഥാനമാക്കി കേസുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരു കോടി രൂപ സ്വർണക്കടത്തിന്റെ കമീഷൻ എന്നായിരുന്നു ആദ്യം നൽകിയ മൊഴി. പിന്നീടാണ് ലൈഫ് മിഷന്റെ പേരിലുള്ള കോഴയെന്ന് സ്വപ്ന മൊഴിമാറ്റിയത്.
അതേസമയം, പ്രതികളുടെയും കേസുമായി ബന്ധപ്പെട്ടവരുടെയും മൊഴികൾ വിജിലൻസ് രേഖപ്പെടുത്തി. നിയമോപദേശവും മറ്റു നിയമനടപടികളും പൂർത്തീകരിച്ചു. അന്തിമ റിപ്പോർട്ട് നൽകാൻ സിബിഐയുടെ കൈവശമുള്ള രേഖകൾ വേണം. വിജിലൻസ് ചില രേഖകൾ വിട്ടുനൽകാത്തതുമൂലമാണ് കേസിന് തടസ്സമെന്ന സിബിഐയുടെ വാദം നിലനിൽക്കുന്നതല്ല. സെക്രട്ടറിയറ്റിൽനിന്ന് വിജിലൻസ് വാങ്ങിയ രേഖകളെല്ലാം കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ പകർപ്പ് കിട്ടാൻ കോടതിയെ സമീപിക്കുകയാണ് വേണ്ടത്.