മല്ലപ്പള്ളി > കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പങ്കെടുത്ത മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംഘർഷം. മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി നേതാവുമായ സുരേഷ് ബാബു പാലാഴിയെ പി ജെ കുര്യൻ അനുകൂലികൾ മർദിച്ചു. കാലിനു ഗുരുതര പരിക്കേറ്റ ഇയാളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി ജെ കുര്യൻ അനുകൂലിയും ദളിത് കോൺഗ്രസ് നേതാവുമായ ദീപു രാജിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
എതിർ വിഭാഗം തിരിച്ചടിച്ചതോടെ പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. പി ജെ കുര്യനു നേരെ അസഭ്യം വിളികളോടെ ഒരു വിഭാഗം പാഞ്ഞടുത്തു. ഡിസിസി യോഗത്തിന്റെ തുടർച്ചയായി മല്ലപ്പള്ളിയിലും സംഘർഷം ഉറപ്പായതിനാൽ കഠാരയും മുളകുപൊടി സ്പ്രേയും കൈയിൽ കരുതിയാണ് ചിലർ യോഗത്തിനെത്തിയത്. സംഘർഷത്തിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവ് ബ്ലോക്ക് കമ്മിറ്റി അംഗത്തിന്റെ കഴുത്തിൽ കത്തിവയ്ക്കുകയും ചെയ്തു.