ന്യൂഡൽഹി > ത്രിപുരയിൽ ജനാധിപത്യവും സമാധാനവും നിയമവാഴ്ചയും പുനസ്ഥാപിക്കാനുള്ള പോരാട്ടത്തിൽ ധീരമായ നിലപാട് സ്വീകരിച്ച വോട്ടർമാരെ അഭിനന്ദിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള അസാധാരണ പോരാട്ടത്തിൽ അതുല്യമായ പങ്കാണ് ത്രിപുരയിലെ വോട്ടർമാർ വഹിച്ചത്. രാജ്യത്തിനാകെ മാതൃകയാണിത്.
വോട്ടെടുപ്പ് ദിനം രാത്രി എട്ടുമണിക്ക് പോലും ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ വലിയ നിരയായിരുന്നു. മണിക്കൂറികൾ കാത്തുനിന്നാണ് അവർ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഈ സ്ഥിതി ആവർത്തിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ സ്വീകരിക്കണം. പല ബൂത്തുകളിലും ബിജെപി ഇതര കക്ഷികളുടെ ഏജന്റുമാരെ ഭരണകക്ഷിക്കാർ ഭീഷണിപ്പെടുത്തുകയും വളഞ്ഞുവെയ്ക്കുകയും ചെയ്തു. പോളിങ് ഏജന്റുമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം – സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനും സമാനമായി വോട്ടെടുപ്പ് അട്ടിമറിക്കാൻ വലിയ ശ്രമം സംഘപരിവാർ നടത്തി. വ്യാപകമായി പണമൊഴുക്കി. പണത്തിന് പുറമെ മദ്യവും മയക്കുമരുന്നും മറ്റ് സമ്മാനങ്ങളും നിർലോഭമായി വിതരണം ചെയ്തു. 2018 ലെ തെരഞ്ഞെടുപ്പിൽ മദ്യം, മയക്കുമരുന്ന്, പണം, മറ്റ് സൗജനങ്ങൾ എന്നീ ഇനങ്ങളിലായി 1.79 കോടിയുടെ വസ്തുവകകളായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തത്. എന്നാൽ ഇക്കുറി ഇത്തരം വസ്തുക്കളുടെ പിടിച്ചെടുക്കലിൽ 25 മടങ്ങ് വർധനവുണ്ടായി. 44.67 കോടി രൂപയുടെ മദ്യവും മയക്കുമരുന്നും മറ്റുമാണ് ത്രിപുരയിൽ പിടിച്ചെടുത്തത്. ബിജെപിക്കാർ വോട്ടർമാർക്ക് പണം നൽകുന്നതിന്റെയും മറ്റും വീഡിയോ ദൃശ്യങ്ങളും ധാരാളമായി പുറത്തുവന്നിരുന്നു.
നിരവധി മണ്ഡലങ്ങളിൽ വ്യാപകമായ അക്രമപ്രവർത്തനങ്ങളും അഴിച്ചുവിട്ടു. കക്രബാൻ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി രത്തൻ ഭൗമിക്കിന്റെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്ന അമിത്ത്കുമാർ ഭൗമിക്കിനെ ബിജെപിക്കാർ ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഭൗമിക്ക് അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ ചികിൽസയിലാണ്. ഖയർപ്പുർ സ്ഥാനാർത്ഥിയും മുതിർന്ന സിപിഐഎം നേതാവുമായ പബിത്ര കറിന്റെ വാഹനം ബിജെപിക്കാർ ആക്രമിച്ചു. കറിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണത്തിൽ വാഹനം പൂർണമായും തകർന്നു.