അടൂർ > സംസ്ഥാനത്ത് ഇതിനകം സ്വകാര്യ മേഖലയിൽ എട്ട് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകിയതായി മന്ത്രി പി രാജീവ്. കൂടുതൽ പാർക്കുകൾക്കായി അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നു. വ്യവസായ രംഗത്ത് രാജ്യത്ത് 28ാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് 15ാം സ്ഥാനത്തേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ മേഖലയിൽ തുടങ്ങുന്ന വ്യവസായ പാര്ക്ക് ഇടനാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് അടൂരില് കല്ലിടുകയായിരുന്നു മന്ത്രി.
സർക്കാർ വ്യവസായ പാര്ക്കുകളില് ലഭിക്കുന്ന ആനുകുല്യങ്ങൾ ഇവിടെയും ലഭിക്കും. ഓരോ പാര്ക്കിനും സർക്കാർ മൂന്ന് കോടി രൂപ വീതം ഇൻസെന്റീവ് എന്ന നിലയിൽ നൽകും. നിയമാനുസൃതമായ എല്ലാ സഹായവും വ്യവസായികൾക്ക് വേഗത്തില് ലഭ്യമാക്കും. ഒരു ലക്ഷം സംരംഭം എന്ന പദ്ധതി അടുത്ത വർഷത്തേക്കും വ്യാപിപ്പിക്കും. സർക്കാർ ഉദ്ദേശിച്ചതിനേക്കാൾ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. പദ്ധതിയിൽ 41 ശതമാനം വനിതാ സംരംഭകരാണ് പുതുതായി വന്നിട്ടുള്ളത്. ഇതില്നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം ആയിരം സംരംഭങ്ങളെ തെരഞ്ഞെടുത്ത് ഓരോന്നും 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കാൻ സര്ക്കാര് എല്ലാ സഹായവും നല്കും.
സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായനയം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും പി രാജീവ് പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ വ്യവസായ പാർക്കിനുള്ള അംഗീകാരം കൈമാറി. ആന്റോ ആന്റണി എംപി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ എന്നിവർ സംസാരിച്ചു.