തിരുവനന്തപുരം
കേരളത്തിലെ കയർവ്യവസായത്തെയും തൊഴിലാളി സഹകരണ സംഘങ്ങളെയും അവഗണിക്കുന്ന കേന്ദ്രസർക്കാർ കയർബോർഡ് നിലപാട് മൂലം ഈ മേഖല നിശ്ചലമാവുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) നേതൃത്വത്തിൽ ബുധൻ നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കയർബോർഡ് കേന്ദ്രഓഫീസ് കേരളത്തിൽ പ്രവർത്തിക്കുന്നു എന്നതൊഴിച്ചാൽ ഒരു സഹായവുമില്ല. എംഡിഎ ഇനത്തിൽ ലഭ്യമാക്കേണ്ട തുക കുടിശ്ശികയായിട്ടും കയർ ഭൂവസ്ത്ര വിതാനത്തിനുള്ള തൊഴിലുറപ്പുപദ്ധതി അട്ടിമറിച്ചും കേന്ദ്രം ബുദ്ധിമുട്ടിക്കുന്നു.
12 ലക്ഷം കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് 2023–-24 ലെ ബജറ്റിൽ തൊഴിലുറപ്പുപദ്ധതിക്കായി 6000 കോടി രൂപമാത്രം. കേരളത്തിലെ കയറിന്റെ സിംഹഭാഗവും തൊഴിലുറപ്പുപദ്ധതി മുഖാന്തരമുള്ള ഭൂവസ്ത്രവിതാനത്തിലാണ്. കയർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു കയർഭൂവസ്ത്രം വാങ്ങിയ വകയിൽ 70 കോടി കുടിശ്ശികയാണ്. ഇത് സ്ഥാപനങ്ങളുടെയും സംഘങ്ങളുടെ പ്രവർത്തനത്തെയും നിശ്ചലമാക്കി.
കയറിന്റെ റിബേറ്റിനു പകരം നടപ്പാക്കിയ വിപണിവിപുലീകരണ പദ്ധതിക്ക് കയർബോർഡിന്റെ 80 കോടി കുടിശ്ശികയാണ്. എന്നാൽ, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങൾക്കു കയർബോർഡ് വൻതോതിൽ സഹായം നല്കുന്നുമുണ്ട്. കയർത്തൊഴിലാളി പെൻഷൻ പദ്ധതിക്കുള്ള സഹായവും കയർബോർഡ് നിർത്തലാക്കി. ഈ സാഹചര്യത്തിലാണ് കയർത്തൊഴിലാളികൾ പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും ആനത്തലവട്ടം പ്രസ്താവനയിൽ പറഞ്ഞു.















