ന്യൂഡൽഹി
കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളെയും വരുതിയിലാക്കിയ മോദി സർക്കാർ അടുത്തതായി ലഷ്യമിടുന്നത് വിമര്ശമുന്നയിക്കുന്ന അന്തർദേശീയ മാധ്യമങ്ങളെ. പ്രധാനമന്ത്രിക്കും ബിജെപിക്കും അപ്രിയമായ ഒന്നും ദേശീയ മാധ്യമങ്ങൾ വാർത്തയാക്കാറില്ല.
‘ദി വയർ’, ‘ന്യൂസ്ക്ലിക്ക്’ തുടങ്ങി ചില ഓൺലൈൻ മാധ്യമങ്ങളാണ് നിലവിൽ സർക്കാരിന്റെ പാളിച്ച തുറന്നുകാട്ടുന്നത്. രണ്ട് സ്ഥാപനങ്ങളെയും പലവിധത്തിൽ ദ്രോഹിക്കാൻ ശ്രമം നടക്കുന്നു. 2021 ഫെബ്രുവരിയിൽ ന്യൂസ്ക്ലിക്ക് ഓഫീസിൽ ഇഡി പരിശോധന നടത്തി. ‘ദി വയറി’ന്റെ ഓഫീസിലും സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം കെ വേണു എന്നിവരുടെ വസതികളിലും ഒക്ടോബറിൽ ഡൽഹി പൊലീസ് പരിശോധന നടത്തി. ആൾട്ട്ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ കള്ളക്കേസുകളിൽ ജയിലിൽ അടച്ചതും സംഘപരിവാർ താൽപ്പര്യത്തിലായിരുന്നു.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇന്ത്യ മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യമായി മാറിയെന്ന് ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ വിലയിരുത്തിയിട്ടുണ്ട്. 180 രാജ്യം ഉൾപ്പെടുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നിലവിൽ 150–-ാം സ്ഥാനത്താണ് ഇന്ത്യ.















